മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വ്യക്തമായ മുന്നേറ്റവുമായി മഹായുതി സഖ്യം. മഹായുതി 69 സീറ്റുകളിലും പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി 17 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്‌ട്രയിൽ മഹായുതി വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും, ശിവസേന 56 സീറ്റുകളും, എൻസിപി 54 സീറ്റുകളും, കോൺഗ്രസ് 44, സ്വതന്ത്രർ 13 സീറ്റുകളുമാണ് സ്വന്തമാക്കിയത്. ഇക്കുറി മഹായുതിയിൽ ബിജെപിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത്. ബിജെപി 148 സീറ്റുകളിലും, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 80 സീറ്റുകളിലും, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 52 സീറ്റുകളിലും മത്സരിച്ചിരുന്നു. മഹാവികാസ് അഘാഡിയിൽ കോൺഗ്രസ് 102 സീറ്റുകളിലും ശിവസേന(ഉദ്ധവ് പക്ഷം) 96 സീറ്റുകളിലും എൻസിപി(ശരദ് പവാർ) 86 സീറ്റുകളിലും മത്സരിച്ചു.
എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പോലെ ജാർഖണ്ഡിലും എൻഡിഎ സഖ്യം വ്യക്തമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ഹേമന്ത് സോറന്റെ ജെഎംഎമ്മിന്റെ നേതൃത്വത്തിൽ ഇൻഡി സഖ്യവും എൻഡിഎയും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്. ഇവിടെ 29 സീറ്റുകളിൽ എൻഡിഎയും 12 സീറ്റുകളിൽ ഇൻഡി മുന്നണിയും ലീഡ് ചെയ്യുന്നുണ്ട്. 41 സീറ്റുകളാണ് കേവല ഭൂരിപക്ഷം സ്വന്തമാക്കുന്നതിന് വേണ്ടത്. ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷ എൻഡിഎ നേതാക്കൾ പങ്കുവയ്‌ക്കുന്നുണ്ട്. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ തരംഗമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ സാധിച്ചുവെന്നതും നേതാക്കൾ പ്രതീക്ഷയായി പങ്കുവയ്‌ക്കുന്നുണ്ട്.















