മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നില സ്വന്തമാക്കി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 13712 വോട്ടുകളുടെ ലീഡ് ആണ് നിലവിൽ ദേവേന്ദ്ര ഫഡ്‌നാവിസിനുള്ളത്. കോൺഗ്രസിന്റെ പ്രഫുല്ല വിനോദ് റാവു ഗുദാഡെ ആണ് മണ്ഡലത്തിൽ ഫഡ്‌നാവിസിനെതിരെ മത്സരിക്കുന്നത്.
ബിഎസ്പിയുടെ സുരേന്ദ്ര ശ്രാവൺ ഡോംഗ്രെ, അഖില ഭാരതീയ പരിവാർ പാർട്ടിയുടെ ഉഷ മരോത്‌റാവു എന്നിവർ ഉൾപ്പെടെ ആറോളം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെങ്കിലും കോൺഗ്രസും ബിജെപിയും തമ്മിലാണ് മണ്ഡലത്തിലെ പ്രധാനമത്സരം. 2019ൽ കോൺഗ്രസിന്റെ ഡോ.ആശിഷ് ദേശ്മുഖിനേയും, 2014ൽ കോൺഗ്രസിന്റെ പ്രഫുല്ല വിനോദിനേയും ഫഡ്‌നാവിസ് പരാജയപ്പെടുത്തി. തുടർച്ചയായ ആറാം വട്ടവും നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നുള്ള വിജയം ലക്ഷ്യമിട്ടാണ് അദ്ദേഹം ഇക്കുറിയും മത്സരത്തിനിറങ്ങിയിരിക്കുന്നത്.
അതേസമയം മഹാരാഷ്‌ട്രയിൽ മഹായുതി ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 288 സീറ്റുകളിൽ 221 സീറ്റിലും മഹായുതി ലീഡ് ചെയ്യുമ്പോൾ 55 ഇടത്ത് മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലീഡ് നേടാനായത്. സ്വതന്ത്രർ 12 സീറ്റുകളിലും ലീഡ് നിലനിർത്തുന്നു. കോൺഗ്രസിന്റേയും ഉദ്ധവ് പക്ഷത്തിന്റേയും നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അമ്പേ തകർന്ന് വീണ കാഴ്ചയ്‌ക്കാണ് മഹാരാഷ്‌ട്ര സാക്ഷ്യം വഹിക്കുന്നത്. ശിവസേനയും എൻസിപിയും പിളർന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പ് ആയതിനാൽ ഇരുപക്ഷവും അഭിമാന പോരാട്ടമായിട്ടാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.