പാലക്കാട്: ഈ ഉപതെരഞ്ഞെടുപ്പ് കൂടുതൽ ആത്മപരിശോധനയ്‌ക്കുള്ള വേദിയാക്കി മാറ്റുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരാൻ സാധിക്കാത്ത മണ്ഡലമല്ല പാലക്കാടെന്നും കൂടുതൽ ശക്തമായി ബിജെപി മുന്നോട്ടുവരുമെന്നും കൃഷ്ണകുമാർ പറഞ്ഞു. അവസാനഘട്ട തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിനും അസംബ്ലി തെരഞ്ഞെടുപ്പിനും വേണ്ടിയുള്ള ആത്മപരിശോധനയുടെ വേദിയായി ഈ തെരഞ്ഞെടുപ്പിനെ മാറ്റും. ഇന്ന് 28 ആണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിന് 38 സീറ്റായി ഉയർത്തും. ബിജെപിയുടെ അടിസ്ഥാന വോട്ട് നിലനിർത്തിയിട്ടുണ്ട്. വോട്ടിൽ കുറവ് വരാനുള്ള കാരണം പരിശോധിക്കും. രണ്ട് സീറ്റിൽ വളർന്നുവന്ന ഞങ്ങൾ ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയായി മാറിയിരിക്കുകയാണ്. ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല. തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ഞങ്ങൾ മുന്നിലേക്ക് വരും. ഒരു നായരും വാര്യരുമൊന്നും ഈ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല.
ഞങ്ങളുടെ സംഘടനാ ശക്തികൊണ്ട് പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ, അത് നല്ല രീതിയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ തിരുത്തി ഞങ്ങൾ ശക്തമായി മുന്നോട്ട് പോകും. അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലം പിടിക്കാനുള്ള തയ്യാറാടെപ്പുകൾ ഞങ്ങൾ ഇന്ന് തുടങ്ങും.
ന്യൂനപക്ഷ സമുദായങ്ങളുടെ ഓരോ വീടുകളിലും കയറിയിറങ്ങി കൃഷ്ണകുമാറിനെ വിജയിപ്പിച്ചാൽ വർഗീയ കലാപം ഉണ്ടാകുമെന്ന് മുൻ എംഎൽഎ പറഞ്ഞു. ഒരുപാട് വികസന പ്രവർത്തനങ്ങൾ പൂർത്തിയാകാതെ കിടക്കുന്നുണ്ട്. രാഹുലെങ്കിലും അതൊക്കെ ചെയ്യണമെന്നാണ് പറയാനുള്ളത്. കഴിഞ്ഞ 13 വർഷം കൊണ്ട് ഒന്നും നടന്നില്ല. അത് വരുന്ന ഒന്നര വർഷം കൊണ്ടെങ്കിലും നടത്തണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും സി കൃഷ്ണകുമാർ പറഞ്ഞു.