ന്യൂഡൽഹി: വയനാട് തെരഞ്ഞെടുപ്പ് ഗാന്ധികുടുംബം ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചതെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ പ്രിയങ്ക വയനാട് വന്ന് മത്സരിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിച്ചാൽ തോൽക്കുമെന്ന ഭയം കാരണമാണ് പ്രിയങ്ക ജയിക്കുമെന്ന് ഉറപ്പുള്ള വയനാട് തെരഞ്ഞെടുത്തത്. ഇതിനായി ഗാന്ധികുടുംബം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചതാണ് വയനാട്ടിലെ തെരഞ്ഞെടുപ്പെന്നും അനിൽ ആന്റണി പറഞ്ഞു.
രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങൾ കോൺഗ്രസ് പാർട്ടിയെ തിരസ്കരിച്ചു. പ്രിയങ്കയെ സംബന്ധിച്ചിടത്തോളം വയനാട് തെരഞ്ഞെടുപ്പ് ഒരു സൗഹൃദ മത്സരമാണ്. ഇൻഡി സഖ്യത്തിലെ തന്നെ മുന്നണികളോടാണ് അവർ വയനാട്ടിൽ മത്സരിച്ചത്. ഇതൊരിക്കലും ജനവിധിയല്ല. പാർലമെന്റിലെത്തുമെന്നുറപ്പാക്കാനുള്ള അവരുടെ നാടകമായിരുന്നു തെരഞ്ഞെടുപ്പെന്നും അനിൽ ആന്റണി പറഞ്ഞു.
കേരളത്തിൽ ബിജെപിക്ക് പ്രകടമായ വളർച്ചയുണ്ടെന്ന് അനിൽ കണക്കുകൾ സഹിതം വ്യക്തമാക്കി. 2009 ൽ 9 ശതമാനവും 2014 ൽ 13 ശതമാനവും ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 ശതമാനവുമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. ഇന്ന് വന്ന ഉപതെരഞ്ഞെടുപ്പ് ബലത്തിൽ പാലക്കാട് ബിജെപി രണ്ടാം സ്ഥാനത്താണ്. ഇതെല്ലം സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.