കോകിലയുമായി കൊച്ചി വിടുന്നുവെന്ന വാർത്ത അടുത്തിടെയാണ് നടൻ ബാല ആരാധകരുമായി പങ്കുവച്ചത്. എന്നാൽ എവിടേക്കാണ് താമസം മാറുന്നതെന്ന് താൻ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കോകിലയുമായി സമാധാനപരമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പുതിയ താമസസ്ഥലത്തെ വിശേഷങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാല.
കൊച്ചിയിൽ നിന്നും വൈക്കത്തേക്കാണ് താമസം മാറിയിരിക്കുന്നതെന്ന് ബാല പറഞ്ഞു. കുടുംബ ജീവിതത്തിൽ താൻ സംതൃപ്തനാണെന്നും നഗര ജീവിതത്തിലെ തിരക്കുകളിൽ നിന്നും വിട്ടുനിന്ന് ഗ്രാമീണ ജീവിതം ആസ്വദിക്കുകയാണെന്നും താരം വ്യക്തമാക്കി. വൈക്കത്ത് ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” കൊച്ചിയിൽ എനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ വൈക്കത്തേക്ക് താമസം മാറിയപ്പോൾ അതെല്ലാം മാറി. ഇവിടേക്ക് ആരെയും ഞാൻ ക്ഷണിക്കുന്നില്ല. ഇപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഈ ലോകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. എന്നാൽ ചെറിയൊരു വിഷമമുണ്ട്. ഇത്രയും നാൾ എല്ലാവരെയും സ്‌നേഹിച്ചു. എന്നാൽ ചെറിയൊരു കാര്യം കൊണ്ട് ഞാൻ വളരെപ്പെട്ടന്ന് അന്യനായി. അതാണ് കൊച്ചിവിടാനുണ്ടായത്. എങ്കിലും കുഴപ്പമില്ല. എല്ലാം മറക്കാൻ ഇപ്പോൾ ശ്രമിക്കുകയാണ്.”- ബാല പറഞ്ഞു.
എന്നെ കുറിച്ച് എനിക്ക് നന്നായി അറിയാം. ഞാൻ നല്ലവനാണ്. ആരെയും ദ്രോഹിക്കണമെന്ന് ചിന്തിച്ചിട്ടില്ല. നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. ഇനിയും എല്ലാവരെയും സഹായിക്കും. ഇവിടെ ഞാൻ രോഗികളെ സഹായിക്കുന്നു, കുടുംബശ്രീ പ്രവർത്തകരെയും മറ്റ് ആളുകളെയും സഹായിക്കുന്നുണ്ട്. ഇതെല്ലാം തനിക്ക് സന്തോഷം തരുന്നുണ്ടെന്നും ബാല വ്യക്തമാക്കി.















