മുംബൈ: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യം നേടിയ മഹാവിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിനും സദ്ഭരണത്തിനും ലഭിച്ച ജനവിധിയെന്നാണ് മഹാരാഷ്‌ട്രയിലെ ജനഹിതത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
വികസനം വിജയിക്കുന്നു.. സദ്ഭരണം വിജയിക്കുന്നു.. ഒന്നിച്ചുനിന്നാൽ ഏതു ഉയരങ്ങളിലേക്കും നമുക്ക് കുതിക്കാൻ ഖഴിയും. മഹാരാഷ്‌ട്രയിലെ സഹോദരീ സഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ നന്ദി. പ്രത്യേകിച്ച് സംസ്ഥാനത്തെ യുവാക്കൾക്കും വനിതകൾക്കും നന്ദിയറിയിക്കുന്നു. എൻഡിഎയ്‌ക്ക് ഈ ചരിത്രവിജയം സമ്മാനിച്ചത് നിങ്ങളാണ്. ഈ സ്നേഹം സമാനതകളില്ലാത്തതാണ്. മഹാരാഷ്‌ട്രയുടെ പുരോഗതിക്കായി മഹായുതി സഖ്യം തുടർന്നുപ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുന്നു. ജയ് മഹാരാഷ്‌ട്ര!! – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
എൻഡിഎയ്‌ക്ക് വേണ്ടി ഗ്രൗണ്ട് വർക്ക് നടത്തിയ ഓരോ ബിജെപി പ്രവർത്തകർക്കും കാര്യകർത്താക്കൾക്കും മോദി നന്ദിയറിയിച്ചു. കാര്യകർത്താക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും സദ്ഭരണത്തെക്കുറിച്ച് വിശദീകരിച്ച് നൽകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്‌ട്രയിൽ 288 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 231 സീറ്റുകളിലും ബിജെപി നയിക്കുന്ന മഹായുതി സഖ്യമാണ് നേട്ടം കൊയ്തത്. കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡി വെറും 48 സീറ്റുകളിൽ ഒതുങ്ങി. സംസ്ഥാനത്ത് തുടർഭരണം നേടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെത്തിയത്.