പെർത്ത്: ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മികച്ച ഷോട്ട് സെലക്ഷനുകളിലൂടെ ക്ഷമയോടെ ബാറ്റ് ചെയ്ത താരം രണ്ടാം ദിനം കളി നിർത്തുമ്പോൾ മറ്റൊരു സെഞ്ച്വറിക്കരികിലാണ്.
രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പ്രകടനത്തോടെ ജയ്‌സ്വാൾ കടപുഴക്കിയത് ഇതിഹാസ താരങ്ങളുടെ റെക്കോർഡാണ്. ടെസ്റ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡാണ് ജയ്‌സ്വാൾ തകർത്തത്. 2024ൽ ഇതുവരെ കളിച്ച 12 ടെസ്‌റ്റുകളിൽ നിന്ന് 34 സിക്സുകളാണ് താരം അടിച്ചുകൂട്ടിയത്. 2014ൽ ന്യൂസീലൻഡിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് 33 സിക്‌സുകളെന്ന മക്കല്ലത്തിന്റെ നേട്ടമാണ് ജയ്‌സ്വാൾ സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 2022 ൽ 26 സിക്സുകളാണ് താരം നേടിയത്. 2 സിക്‌സറുകള്‍ വീതം നേടിയ ആദം ഗില്‍ക്രിസ്റ്റും (2005) സെവാഗുമാണ് (2008) തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ജയ്‌സ്വാളിന്റെ സൂപ്പർ ഷോയുടെ ബലത്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 57 ഓവറിൽ 172 റൺസെന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 90 റൺസ് നേടി. ആദ്യ സിക്സ് മിച്ചൽ സ്റ്റാർക്കിന്റെ പന്തിലായിരുന്നു. രണ്ടാമത്തേത് നഥാൻ ലിയോണിനെതിരെയും. സ്റ്റാർക്കിന്റെ ബൗൺസർ മിഡ്‌വിക്കറ്റിന് മുകളിലൂടെ വിപ്പ് ചെയ്ത് ഫോറടിച്ചശേഷം നിങ്ങളുടെ ബൗളിങ് വളരെ സ്‌ലോയാണെന്ന് പറയാനും 22 കാരനായ ഇടംകൈയ്യൻ ബാറ്റർ മടികാണിച്ചില്ല.















