ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാൻ അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഡബിൾ എഞ്ചിൻ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടമാകുന്നതെന്നും ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
മഹാരാഷ്‌ട്രയിലെ ജനങ്ങൾ പ്രീണന രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞു. മഹായുതി സഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വീണ്ടും വിശ്വാസമർപ്പിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, രാജ്യം വികസനത്തിന്റെയും വിശ്വാസത്തിന്റെയും മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസമുണ്ടെന്ന് അവർ തെളിയിച്ചിരിക്കുകയാണ്.
വനവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. അത് ഝാർഖണ്ഡിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ബിജെപിയുടെ യാത്ര തുടർന്നുകൊണ്ടിരിക്കും. ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച എല്ലാ നേതാക്കൾക്കും അഭിനന്ദനങ്ങളെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ആശംസകൾ അറിയിച്ചു. ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് വീണ്ടും തെളിയിച്ചെന്നും അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിൽ എന്നും വിശ്വസിക്കുന്നുണ്ടെന്നും ജെപി നദ്ദ എക്സിൽ കുറിച്ചു. പ്രധാനമന്ത്രിക്കൊപ്പം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിന്റെ വിജയം അതിന് ഏറ്റവും മികച്ച തെളിവാണ്. മഹാരാഷ്‌ട്രയിലുടനീളം മികച്ച പ്രകടനം പാർട്ടി പ്രവർത്തകർ കാഴ്ച വച്ചു. അവരുടെ പ്രയത്‌നത്തിന് ഇന്ന് ഫലം കണ്ടുവെന്നും നദ്ദ വ്യക്തമാക്കി.















