തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ സരിന്റെ എഫ്ക്ട് ഉണ്ടായില്ലെന്ന് പറഞ്ഞ് ആരും സരിനെ അപമാനിക്കാൻ വരേണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍. സരിനെ നല്ല രീതിയിൽ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹായവും മറ്റ് എല്ലാ വഴിവിട്ട ബന്ധങ്ങളും ഉപയോഗിച്ചാണ് യുഡിഎഫ് വോട്ട് നേടിയതെന്നും എ.കെ ബാലൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് നേടിയാണ് പാലക്കാട് യുഡിഎഫ് വിജയിച്ചത്. ഔദ്യോഗികമായ ഫലപ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ എസ്ഡിപിഐ പ്രവർത്തകർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് അതിന് ഉദാഹരണമാണ്. എസ്ഡിപിഐ അച്ചടിച്ച നോട്ടീസ് വീടുകളിൽ വിതരണം ചെയ്യാൻ എസ്ഡിപിഐക്കൊപ്പം കോൺഗ്രസിന്റെ പ്രവർത്തകർ പോകുന്നത് എന്ത് രാഷ്‌ട്രീയമാണ്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ഏത് വഴിവിട്ട മാർഗവും സ്വീകരിക്കുക എന്നത് ഞങ്ങളുടെ രീതിയല്ല.
മൂന്നാം സ്ഥാനത്തുള്ള നമുക്ക് ഒന്നാം സ്ഥാനത്തേക്ക് വരണമെങ്കിൽ ശക്തമായ നടപടികൾ എടുക്കേണ്ടിവരും. അതിശക്തമായ പ്രകടനമാണ് ഞങ്ങൾ നടത്തിയത്. എന്നാൽ, ഇത് മതിയോ എന്ന് ചോദിച്ചാൽ ഇത് പോര. അടിസ്ഥാനവോട്ട് ഞങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ല. അതിൽ കൂടുതൽ വോട്ട് ഞങ്ങൾ ഇത്തവണ നേടി. തെരഞ്ഞെടുപ്പിന്റെ തലേദിവസം സരിനെ വിളിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് ആയിരിക്കില്ലെന്നും രണ്ടാം സ്ഥാനം ഉറപ്പാണെന്നും ഞാൻ പറഞ്ഞിരുന്നു.
സരിനെ നല്ല രീതിയിൽ ഞങ്ങൾ പിന്തുണയ്‌ക്കും. അത് സംഘാടനാ തലത്തിലും പാർലമെന്റ് തലത്തിലും ഏറ്റവും നല്ല രാഷ്‌ട്രീയക്കാരനായി സരിൻ മാറും. സരിനെ ഏതെങ്കിലും രൂപത്തിൽ നിരാശപ്പെടുത്താൻ ആരും ശ്രമിക്കേണ്ടയെന്നും എ കെ ബാലൻ പറഞ്ഞു.