തിരുവനന്തപുരം: മാറനല്ലൂരില്‍ അങ്കണവാടിയില്‍ വച്ച് വീണ കുട്ടിയുടെ നില ഗുരുതരം. മൂന്നു വയസുകാരി വൈഗയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൈഗയുടെ തലയോട്ടിക്കും നട്ടെല്ലിനും പരിക്കുണ്ട്. കുട്ടി വീണ വിവരം അങ്കണവാടി ടീച്ചര്‍ അറിയിച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
പോങ്ങുംമൂട് സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ് വൈഗ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നതിനു ശേഷം എന്തു കഴിച്ചാലും കുട്ടി ഛര്‍ദ്ദിച്ചിരുന്നതായി രതീഷ് പറയുന്നു. രണ്ടു തവണ ഭക്ഷണം കൊടുത്തു. രണ്ടു തവണയും ഛര്‍ദ്ദിച്ചു. പാല് കൊടുത്തതും ഛര്‍ദ്ദിച്ചു. കിടക്കണമെന്ന് കുഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു. നിര്‍ത്താതെ കരഞ്ഞു. പിന്നീട് വൈഗയുടെ ഇരട്ടസഹോദരനാണ് കുട്ടി വീണ വിവരം പറഞ്ഞത്. നോക്കിയപ്പോള്‍ വൈഗയുടെ തല മുഴച്ചിരിക്കുന്നത് കണ്ടു. ഏകദേശം പകല്‍ 12.30ന് നടന്ന സംഭവമാണ്. പക്ഷേ ടീച്ചര്‍ അറിയിച്ചില്ല. വിളിച്ചു ചോദിച്ചപ്പോള്‍ മറന്നുപോയെന്നായിരുന്നു അങ്കണവാടി ടീച്ചറുടെ മറുപടി.
സമീപമുള്ള ആശുപത്രിയിൽ ആദ്യമെത്തിച്ച് അവിടെ നിന്ന് എസ്.എ.ടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും രാത്രി ഒന്‍പത് മണി കഴിഞ്ഞിരുന്നു. നിലവില്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നും കഴുത്തിന് പിന്നില്‍ ഗുരുതര പരിക്കുണ്ടെന്നുമാണ് വിവരം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പൊലീസിൽ പരാതി നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.