ജോലിക്കിടെ ഉറങ്ങിപ്പോയാൽ എന്തുസംഭവിക്കും? മേലുദ്യോഗസ്ഥനറിഞ്ഞാൽ ചിലപ്പോൾ ചീത്ത കേൾക്കും, അല്ലെങ്കിൽ മെമ്മോ കിട്ടും, അതുമല്ലെങ്കിൽ ജോലി തെറിച്ചെന്നും വരാം. എന്നാൽ ഇവിടെയൊരാൾക്ക് കിട്ടിയത് ലക്ഷങ്ങളായിരുന്നു. അതെങ്ങനെയെന്നല്ലേ.. നോക്കാം..
കഴിഞ്ഞ 20 വർഷമായി ഒരേ കമ്പനിയിലെ ജോലിക്കാരനാണ് ‘കക്ഷി’. കെമിക്കൽ കമ്പനിയിലെ ഡിപ്പാർട്ട്മെന്റ് മാനേജറായി വർക്ക് ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ദിവസം രാത്രി വൈകിയും ജോലി തുടരേണ്ടി വന്നു. ഓവർടൈം വർക്കിനിടെ തന്റെ ഡെസ്കിൽ വന്നിരുന്ന യുവാവ് അറിയാതെ ഒന്നുറങ്ങിപ്പോയി.
ജീവനക്കാരൻ ഉറങ്ങുന്നത് ആരും കണ്ടില്ലെങ്കിലും സ്ഥാപനത്തിലെ സിസിടിവി എല്ലാം കാണുന്നുണ്ടായിരുന്നു. ഇത് HR ഡിപ്പാർട്ട്മെന്റിന്റെ ശ്രദ്ധയിൽപ്പെടുകയും രണ്ടാമതൊന്ന് ചിന്തിക്കാതെ യുവാവിനെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. കഥ കഴിഞ്ഞില്ല!
20 വർഷത്തെ സർവീസിനിടെ ആദ്യമായി.. ക്ഷീണം കാരണം അറിയാതെ ഒന്നുറങ്ങിപ്പോയതിന്, തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട കമ്പനിയുടെ നടപടിയെ യുവാവ് ചോദ്യം ചെയ്തു. എന്നാൽ യുവാവിന്റെ അവകാശവാദങ്ങൾ കമ്പനി ചെവികൊണ്ടില്ല. സീറോ ടോളറൻസ് അച്ചടക്ക നയത്തിന്റെ ലംഘനമാണ് ജീവനക്കാരൻ ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി.
തന്റെ പിരിച്ചുവിടൽ അന്യായമാണെന്ന് വിശ്വസിച്ച യുവാവ് കോടതിയെ സമീപിച്ചു. 2004ൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷം യുവാവ് ചെയ്ത ആദ്യ കുറ്റമാണിതെന്ന് കോടതി നിരീക്ഷിച്ചു. അത് കമ്പനിക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുത്തുന്നതായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. യുവാവിന്റെ രണ്ട് ദശാബ്ദക്കാലത്തെ സേവനം, പ്രമോഷനുകൾ, ശമ്പള വർദ്ധനവ് എന്നിവ പരിഗണിക്കേണ്ടതാണ്. ഒരൊറ്റ ലംഘനത്തിന്റെ പേരിൽ ജോലിക്കാരനെ പുറത്താക്കുന്നത് യുക്തിരഹിതമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് 41.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് കോടതി ഉത്തരവിട്ടു.
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌സിംഗിലാണ് സംഭവം നടന്നത്. ഷാങ് എന്ന ജീവനക്കാരന് 350,000 യുവാൻ പിഴയാണ് കമ്പനി നൽകേണ്ടി വന്നത്.