ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരുന്ന ആയുധമായ പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നതായി പ്രതിരോധമന്ത്രാലയം. അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം.
പിനാക്ക റോക്കറ്റുകൾ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും അർമേനിയയും രണ്ട് വർഷത്തിന് മുമ്പ് കരാറുകളിൽ ഒപ്പിട്ടിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക്ക റോക്കറ്റുകൾ കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്.
യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ. അർമേനിയയ്‌ക്ക് പുറമെ തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള നിരവധി രാജ്യങ്ങളും പിനാക്ക റോക്കറ്റുകൾ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പിനാക്ക റോക്കറ്റുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസും മുന്നോട്ടുവന്നിരുന്നു. വൈകാതെ ഫ്രാൻസിലേക്കും പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിക്കുമെന്നാണ് വിവരം.
ശത്രു കേന്ദ്രങ്ങളിലേക്ക് അതിശക്തമായി ആക്രമണം നടത്താൻ സാധിക്കുന്ന ആയുധങ്ങളാണ് പിനാക്ക റോക്കറ്റുകൾ. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തേക്ക് പ്രയോഗിക്കാനാണ് ഈ റോക്കറ്റുകൾ ഉപയോഗിക്കുന്നത്. നിലവിൽ 80 കിലോമീറ്റർ ദൂരത്തേക്കാണ് പിനാക ഉപയോഗിച്ച് ആക്രമണം നടത്താൻ സാധിക്കുകയുള്ളൂവെങ്കിലും, എഞ്ചിനിൽ മാറ്റങ്ങൾ വരുത്തി ആക്രമണ പരിധി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ഗവേഷകർ നടത്തുന്നുണ്ട്.
പിനാകയിൽ ഉപയോഗിക്കുന്ന റോക്കറ്റ് എഞ്ചിൻ മാറ്റി തദ്ദേശീയമായി വികസിപ്പിച്ച റാംജെറ്റ് എഞ്ചിൻ ഉപയോഗിക്കാനാകുമോ എന്ന് ഗവേഷകർ പരിശോധിക്കും. ഇത് സാധ്യമായാൽ 225 ദൂരപരിധിയിൽ റോക്കറ്റ് ഉപയോഗിച്ച് ശത്രു കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താൻ സാധിക്കും.