സന്തോഷ് ട്രോഫിയിൽ പുതുച്ചേരിയെ ഗോൾവർഷത്തിൽ മുക്കി കേരളം സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചു. എതിരില്ലാതെ 7 ഗോളുകളാണ് പുതുച്ചേരി വലയിൽ കേരളത്തിന്റെ യുവനിര നിറച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലായിരുന്നു കേരളത്തിന്റെ ത്രസിപ്പിക്കുന്ന ജയം. ഇതുവരെ 18 ഗോളുകൾ നേടിയ കേരളം ഒരു ഗോളുകൾ പോലും വഴങ്ങിയില്ല.
കഴിഞ്ഞ മത്സരത്തിൽ ലക്ഷദ്വീപിനെതിരെ മറുപടിയില്ലാതെ 10 ഗോളുകളാണ് കേരളം നേടിയത്. ആദ്യ മത്സരത്തിൽ കരുത്തരായ റെയിൽവേസിനെ ഒരു ഗോളിന് വീഴ്‌ത്തിയിരുന്നു. സജേഷു നസീബും കേരളത്തിനായി ഇരട്ട ഗോളുകൾ നേടി. ഗനി നിഗം, ക്രിസ്റ്റി, ഷിജിൻ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
പുതുച്ചേരിയുടെ ദുർബലമായ പ്രതിരോധത്തെ ഭേദിക്കാൻ കേരളത്തിന് വലുതായി പണിയെടുക്കേണ്ടി വന്നില്ല. ഒൻപതു പോയിൻ്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടെയാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് യോഗ്യതാ മത്സരങ്ങൾ.















