പെർത്തിൽ ഇന്ത്യയുടെ വിജയം വൈകിപ്പിക്കുന്ന കൂട്ടുകെട്ട് പൊളിച്ച് നായകൻ ജസ്പ്രീത് ബുമ്രയുടെ കാമിയോ റോൾ. മിച്ചൽ മാർഷ്-ട്രാവിസ് ഹെഡ് സഖ്യം 87 പന്തിൽ 82 റൺസ് ചേർത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശുമ്പോഴാണ് ബുമ്രയുടെ വരവ്. ഹെഡിനെ പന്തിന്റെ കൈയിലെത്തിച്ചാണ് ഓസ്ട്രേലിയയുടെ വലിയൊരു പ്രതീക്ഷ ഇല്ലാതാക്കിയത്. നേരത്തെ സ്മിത്ത്-ഹെഡ് സഖ്യം 62 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി ഭീഷണി തീർത്തപ്പോൾ സ്മിത്തിനെ കൂടാരം കയറ്റി സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
17 റൺസുമായി സ്മിത്ത് പുറത്തായപ്പോൾ 89 റൺസെടുത്താണ് ഹെഡ് കൂടാരം കയറിയത്. ഇന്ന് രാവിലെ ഉസ്മാൻ ഖവാജയെ വീഴ്‌ത്തി സിറാജാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. മൂന്നു വീതം വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. 47 റൺസെടുത്ത മിച്ചൽ മാർഷിനെ നിതീഷ് കുമാർ റെഡ്ഡിയും ബോൾഡാക്കിയതോടെ ഇന്ത്യയുടെ ജയം മൂന്ന് വിക്കറ്റ് അകലെയാണ്. 187-7 എന്ന നിലയിലാണ് അവർ. 340 റൺസിന് പിന്നിലാണ് ആതിഥേയർ. നേരത്തെ കോലിയുടെയും യശസ്വി ജയ്സ്വാളിന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്.















