എറണാകുളം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വടിവാൾ വീശി ഭീഷണി. കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയത്. സംഭവത്തിൽ രണ്ട് പേർ പിടിയിലായി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം യുവാക്കൾ പണം നൽകാതെ ഇറങ്ങി പോകാൻ ശ്രമിച്ചത് ഹോട്ടൽ ഉടമ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കളിൽ ഒരാൾ വടിവാൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് യുവാക്കൾ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയതെന്നാണ് സംശയം.
പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഹോട്ടലിൽ കഴിച്ചുകൊണ്ടിരുന്നവർ പരിഭ്രാന്തിയിലായി. ഇതോടെ ഹോട്ടൽ ഉടമ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ പിടികൂടി.