എറണാകുളം: ആലുവയിൽ കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഒഡിഷ റായഗന്ധ സ്വദേശികളായ സത്യനായക്, ആശ പ്രമോദ് ലിമ, അസന്തി താക്കൂർ എന്നിവരാണ് പിടിയിലായത്. ബാഗുകളിലാക്കി കടത്താൻ ശ്രമിച്ച 35 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്. കഞ്ചാവുമായി ട്രെയിൻ മാർഗം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുന്നുവെന്ന രഹസ്യ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കി.
പുലർച്ചെയാണ് പ്രതികൾ ആലുവയിലെത്തിയത്. ഇതോടെ പൊലീസ് ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. സമാനമായ രീതിയിൽ ഇവർ ഇതിന് മുൻപും കേരളത്തിൽ കഞ്ചാവ് വിൽപന നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് കഞ്ചാവുമായി ഇവർ കേരളത്തിലേക്ക് എത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.















