യുപിയിലെ സംഭാലിൽ മസ്ജിദിന്റെ സർവേ തടയുന്നതിനായി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. സമാജ്‌വാദി പാർട്ടി (SP) എംപി അടക്കം 400 പേർക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. ഏഴ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭാൽ എംപിയും SP നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും സഹപ്രവർത്തകൻ ഇഖ്ഹാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാലും കേസിൽ ഉൾപ്പെട്ടതായാണ് വിവരം.
ഇന്നലെയായിരുന്നു സംഭാലിൽ സംഘർഷമുണ്ടായത്. മുഗൾ കാലത്ത് നിർമിച്ചിട്ടുള്ള ഷാഹി ജുമാ മസ്ജിദിന്റെ സർവേ നടപടികൾ കോടതി ഉത്തരവുപ്രകാരം നടപ്പിലാക്കാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് പൊലീസ് സന്നാഹവുമെത്തിയിരുന്നു. സർവേ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കാനായിരുന്നു ജനക്കൂട്ടം ശ്രമിച്ചത്. മൂന്ന് ദിശയിൽ നിന്നായി ഇരച്ചെത്തിയ സംഘം കല്ലെറിഞ്ഞും വാഹനങ്ങൾ കത്തിച്ചും സംഘർഷമുണ്ടാക്കി. പൊലീസുകാർക്കും സർവേ ഉദ്യോഗസ്ഥർക്കും അടക്കം 20 സുരക്ഷാജീവനക്കാർക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ചില പൊലീസുകാരുടെ പരിക്ക് അതീവ ഗുരുതരമാണ്.
SP നേതാവ് സിയാവൂർ റഹ്മാൻ ബാർഖിന്റെ പ്രസ്താവനയാണ് ജനക്കൂട്ടത്തെ പ്രകോപിതരാക്കിയതെന്ന് പൊലീസ് അറിയിച്ചു. സംഘർഷാവസ്ഥ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി പൊലീസ് ടിയർ ഗ്യാസ് പ്രയോഗം നടത്തിയിരുന്നു. കൂടാതെ പ്ലാസ്റ്റിക് ബുള്ളറ്റുപയോഗിച്ച് വെടിവെപ്പും നടത്തി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് പേരാണ് കൊല്ലപ്പെട്ടത്.
സംഘർഷാവസ്ഥ കനത്തതോടെ സംഭാലിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു. 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്ന് സ്കൂളും ഉണ്ടായിരുന്നില്ല.
1529-ൽ മുഗൾ ചക്രവർത്തി ബാബർ ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് മസ്ജിദ് പണിതുവെന്നാണ് ആരോപണം. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർവേ നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയതും വൻ സംഘർഷത്തിൽ കലാശിച്ചതും.















