ബറേലി: പണി പൂർത്തിയാകാത്ത ഫ്ലൈ-ഓവറിലൂടെ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനമോടിച്ചവരാണ് അപകടത്തിൽപ്പെട്ടത്. നിർമാണത്തിലിരിക്കുന്ന പാലമാണെന്ന് അറിയാതെ വാഹനമോടിക്കുകയായിരുന്നു ഇവർ. കുറച്ചുദൂരം പിന്നിട്ടപ്പോൾ ഫ്ലൈ-ഓവർ അവസാനിക്കുകയും കാർ താഴേക്ക് പതിക്കുകയുമായിരുന്നു. യുപിയിലെ ബറേലിയിലാണ് അപകടമുണ്ടായത്.
ഗുരുഗ്രാമിൽ നിന്ന് ബറേലിയിലേക്ക് യാത്ര ചെയ്ത സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടെ ഫ്ലൈ-ഓവറിലൂടെ വഴി കാണിക്കുകയും നിർമാണത്തിലിരിക്കുന്ന പാലമാണെന്ന് അറിയാതെ ഇവർ വാഹനമോടിക്കുകയും ചെയ്തു. രാത്രിയായതിനാലും വേഗത്തിൽ സഞ്ചരിച്ചതിനാലും മുമ്പിലുള്ള ഗർത്തം ശ്രദ്ധയിൽപ്പെട്ടില്ല. ഇതോടെ കാർ താഴേക്ക് വീഴുകയായിരുന്നു. 50 അടി താഴ്ചയിലേക്കാണ് പതിച്ചത്.
തകർന്നുകിടക്കുന്ന കാർ പിറ്റേന്ന് രാവിലെ പ്രദേശവാസികളാണ് കണ്ടത്. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഫ്ലൈ-ഓവർ നിർമാണത്തിന്റെ ചുമതല വഹിക്കുന്ന കരാറുകാർക്കെതിരെ നടപടിയെടുത്തേക്കും. കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ വെക്കാതിരുന്നതിനാലാണ് അപകടം സംഭവിച്ചതെന്നാണ് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്.















