വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ വരനെ വേണ്ടെന്നുവച്ച് വധു. സർക്കാർ ജോലിയില്ലെന്ന് അറിഞ്ഞതോടെയാണ് ചടങ്ങുകൾ പകുതിക്ക് വച്ച് നിർത്തി വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്. പ്രതിമാസം 1,20,000 രൂപ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അതിൽ കാര്യമില്ലെന്നും വരൻ സർക്കാർ ജോലിക്കാരനാണെന്ന് കരുതിയാണ് വിവാഹത്തിന് സമ്മതിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിൽ നിന്ന് വധു പിന്മാറിയത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് വിചിത്രമായ സംഭവം നടന്നത്. ഇതോടെ വധുവില്ലാതെ വരൻ മടങ്ങിപ്പോവുകയായിരുന്നു.
ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ നിന്നുള്ള എൻജിനീയറായിരുന്നു വരൻ. യുവാവിന് സർക്കാർ ജോലിയാണെന്നും ആറ് പ്ലോട്ട് സ്ഥലം സ്വന്തമായുണ്ടെന്നും പെൺവീട്ടുകാരോട് കല്യാണബ്രോക്കർ പറഞ്ഞിരുന്നു. കല്യാണം ഉറപ്പിച്ചതിന് പിന്നാലെ മിന്നുകെട്ടിനായി വരനും കുടുംബവും പെൺവീട്ടിലെത്തി. തലേന്ന് ചടങ്ങുകൾ നടക്കുന്നതിനിടെ വരനും വധുവും പരസ്പരം ഹാരം ചാർത്തുന്ന ‘ജമൈല’ സെറിമണിയും നടന്നു. ഇതിന് പിന്നാലെയാണ് വധു സത്യാവസ്ഥ അറിഞ്ഞത്. തനിക്ക് ഈ പയ്യനെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് വാശിപിടിച്ചതോടെ പെൺവീട്ടുകാരും വരന്റെ കുടുംബവും അമ്പരന്നു.
തനിക്ക് 1,20,000 ശമ്പളമുണ്ടെന്ന് പറഞ്ഞ വരൻ, ഇതിന്റെ സാലറി-സ്ലിപ് അടക്കം വധുവിനെ കാണിച്ചു. എന്നിട്ടും ”സർക്കാർ ജോലിയില്ല” എന്ന കാരണത്താൽ വരനെ നിരസിക്കുകയായിരുന്നു പെൺകുട്ടി. ഇതോടെ വരനും കുടുംബവും ഛത്തീസ്ഗഡിലേക്ക് മടങ്ങി. സംഭവത്തിൽ വരന്റെ കുടുംബത്തിന് പരാതിയില്ലെന്ന് പൊലീസ് അറിയിച്ചു.