ന്യൂയോർക്ക്: ജനുവരിയിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ്. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചടങ്ങിൽ ബൈഡൻ പങ്കെടുക്കുന്നത്. 2021ൽ ജോ ബൈഡൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ ട്രംപ് പങ്കെടുത്തിരുന്നില്ല.
ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ കൃത്രിമം നടന്നന്നെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി. ഇതിന് പുറമെ നിയുക്ത പ്രസിഡന്റിനായി വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഒരുക്കുന്ന വിരുന്ന് നടത്താനും അന്ന് ട്രംപ് തയ്യാറായിരുന്നില്ല. ഇക്കുറി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ബൈഡൻ സ്വാഗതം ചെയ്തിരുന്നു.
ജോ ബൈഡന് പുറമെ പ്രഥമ വനിത ജിൽ ബൈഡനും സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബെറ്റ്സ് അറിയിച്ചു. ” ജനാധിപത്യത്തെ അദ്ദേഹം എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ജനങ്ങളുടെ തീരുമാനത്തെ അദ്ദേഹം അംഗീകരിക്കുന്നതായും ഇതിൽ നിന്ന് മനസിലാക്കാം. ചിട്ടയോടെയുള്ള അധികാര കൈമാറ്റം ഞങ്ങൾ ഉറപ്പാക്കുമെന്നുമെന്നും” ആൻഡ്രു ബെറ്റ്‌സ് പറയുന്നു.















