ടെൽ അവീവ്: ഹിസ്ബുള്ളയുമായി വെടിനിർത്തൽ കരാറിന് ഇസ്രായേൽ ഒരുങ്ങുന്നു. 60 ദിവസത്തെ വെടിനിർത്തൽ കരാറിനാണ് ഒരുങ്ങുന്നത്. വെടിനിർത്തൽ കരാറിന് ഇന്ന് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് വിവരം.
ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാറിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞദിവസം സമ്മതം അറിയിച്ചിരുന്നു. ചില കാര്യങ്ങളിൽ കൂടി അന്തിമ തീരുമാനമായാൽ ചൊവ്വാഴ്ച കരാറിൽ ഒപ്പിടുമെന്ന് യുഎസിലെ ഇസ്രായേൽ നയതന്ത്ര പ്രതിനിധി മൈക്കൽ ഹെർസോഗ് അറിയിച്ചു.
കരാർ ലംഘിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയാൽ ലെബനനിൽ പ്രവേശിക്കാനുള്ള അവകാശം വേണമെന്ന ഇസ്രായേലിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകും. തെക്കൻ ലെബനനിൽ നിന്നും ഇസ്രായേൽ സൈനികരും ഹിസ്ബുള്ളയും പിന്മാറണമെന്നാണ് വെടിനിർത്തൽ കരാറിലെ പ്രധാന ഉടമ്പടി.
യുഎസ് പ്രതിനിധി അമോസ് ഹോച്‌സ്റ്റീൻ ലെബനൻ പ്രതിനിധി നബീഹ് ബെറിയുമായും ഇസ്രായേൽ പ്രതിനിധികളുമായും കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചകളെ തുടർന്നാണ് വെടിനിർത്തൽ കരാറിന് വീണ്ടും ധാരണയായത്.















