ന്യൂഡൽഹി: രാജ്യം ഇന്ന് 75ാം ഭരണഘടനാ ദിനം ആചരിക്കുന്നു. ഭരണഘടന രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് ‘സംവിധാൻ ദിവസ്’ എന്ന പേരിൽ രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നത്. നിയമദിനം എന്ന പേരിൽ ആഘോഷിച്ചിരുന്ന ഈ ദിവസം 2015ലാണ് കേന്ദ്രസർക്കാർ ഭരണഘടനാ ദിനമായി പുനർനാമകരണം ചെയ്തത്. 2015 അംബേദ്കറുടെ 125ാം ജന്മവാർഷിക ദിനം കൂടിയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് സർക്കാർ ഈ ആശയം മുന്നോട്ടു വെച്ചത്.
1949 നവംബർ 26നാണ് ഇന്ത്യൻ ഭരണഘടനയ്‌ക്ക് ഭരണഘടനാ നിർമാണസഭയുടെ അംഗീകാരം ലഭിച്ചത്. പിന്നീട് 1950 ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിയ്‌ക്ക് രാഷ്‌ട്രപതി ദ്രൗപദി മുർമു എത്തുന്നതോടെയാണ് ഭരണഘടനാ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും, ഉപരാഷ്‌ട്രപതിയും രാജ്യസഭാദ്ധ്യക്ഷനുമായ ജഗ്ദീപ് ധൻകറും സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഭരണഘടനയുടെ ആത്മാവെന്ന് വിശേഷിപ്പിക്കുന്ന ആമുഖം രാഷ്‌ട്രപതി സഭയിൽ വായിക്കും.
ഭരണഘടനയുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഹ്രസ്വചിത്ര പ്രദർശനവും ഇതോടനുബന്ധിച്ച് ഉണ്ടാകും. ഭരണഘടന അംഗീകരിച്ച ദിവസത്തിന്റെ ഓർമ്മയ്‌ക്കായി സ്റ്റാമ്പും നാണയവും ഇന്ന് പുറത്തിറക്കും. സംസ്‌കൃതം, മൈഥിലി എന്നീ ഭാഷകളിൽ കൂടി ഭരണഘടന ഇന്ന് പുറത്തിറക്കും. ഇതിന് പുറമെ ഭരണഘടനയുടെ മൂല്യങ്ങൾ എടുത്ത് കാണിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിലുണ്ടാകും. ഇതിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഭരണഘടനയുടെ ആമുഖം വായിക്കാനും constitution75.com എന്ന വൈബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാനും കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തു.















