കശ്മീർ: ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങുന്നു. സംവിധാൻ ദിവസ് ആഘോഷങ്ങൾക്കായി ജമ്മു കശ്മീർ സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് കശ്മീരിൽ ഭരണഘടനാ ദിവസത്തിന്റെ ആഘോഷം നടത്തുന്നത്.
ശ്രീനഗറിൽ നടക്കുന്ന ചടങ്ങുകൾക്ക് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നേതൃത്വം നൽകും. ജമ്മു സർക്കാരിലെ മന്ത്രിമാർ ആഘോഷ പരിപാടിയിൽ ഭരണഘടനാ ആമുഖം വായിക്കും. അതേസമയം ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് പോയതിനാൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ചടങ്ങുകളിൽ പങ്കെടുക്കില്ല. രാജ്യതലസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടത്തുന്നത്.
പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടത്തുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ പങ്കെടുക്കും. നിയമദിനം എന്ന പേരിൽ ആഘോഷിച്ചിരുന്ന ഈ ദിവസം 2015ലാണ് ഭരണഘടനാ ദിനമായി ആഘോഷിക്കാൻ ആരംഭിച്ചത്. ഡോ ബി.ആർ അംബേദ്കറുടെ 133ാം ജന്മദിനം കൂടിയാണ് ഇന്ന്. ഭരണഘടനാ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച അംബേദ്കറോടുള്ള ആദരസൂചകമായിട്ടാണ് ഇന്നേദിനം ഭരണഘടനാ ദിനമായി രാജ്യം ആഘോഷിക്കുന്നത്.















