2008 നവംബർ 26! ഭാരതം ഒരുപോലെ മറക്കാൻ ആഹ്രഹിക്കുന്ന കറുത്ത താളുകളായി നിൽക്കുന്ന മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 16 വർഷം പിന്നിടുന്നു. മുംബൈയിലെ പ്രൗഢഗംഭീരമായ താജ് ഹോട്ടലിന്റെ മുകൾ നിലകളിൽ നിന്നും തീജ്വാലകളും വെടിയൊച്ചകളും കൂട്ടക്കൊല നടന്ന ഛത്രപതി ശിവാജി ടെർമിനലിന്റെ ചിത്രങ്ങളൊന്നും രാജ്യത്തെ ഒരാളുടെയും മനസിൽ നിന്നും അത്രവേഗം മാഞ്ഞുപോകില്ല.
ആയുധധാരികളായ ലഷ്‌കർ ഇ ത്വയ്ബ ഭീകരർ മൂന്ന് ദിവസത്തോളമാണ് ഇന്ത്യയെ മുൾമുനയിൽ നിർത്തിയത്. ആക്രമണത്തിൽ 22 വിദേശീകളടക്കം 166 പേർ കൊല്ലപ്പെടുകയും 300 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 47 തോക്കുകളും ഗ്രനേഡും സ്‌ഫോടക വസ്തുക്കളുമായി കടൽ മാർഗം മുംബൈയിലെത്തിയ പാക് ഭീകരർ അവരുടെ മുന്നിൽ പെട്ടവർക്കെല്ലാം നേരെ വെടിയുതിർക്കുകയായിരുന്നു.
മുംബൈയിലെ നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, ഹോട്ടൽ താജ് മഹൽ പാലസ്, ഒബ്‌റോയ് ട്രൈഡന്റ്, ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ സംഘം തിരിഞ്ഞായിരുന്നു ഭീകരാക്രമണം. ഛത്രപതി ശിവാജി ടെർമിനൽ സ്റ്റേഷനിൽ അജ്മൽ കസബും, ഇസ്മായിൽ ഖാനും നടത്തിയ കൂട്ടക്കുരുതിയിൽ 58 പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റു. ഇവിടുത്തെ ഭീകരാക്രമണത്തിന് പിന്നാലെ നരിമാൻ ഹൗസിലും ഭീകരാക്രമണം റിപ്പോർട്ട് ചെയ്തു.
ജൂതമത വിശ്വാസികൾ വസിക്കുന്ന ഇടങ്ങളിൽ ഭീകരാക്രണം നടത്തുന്നതിന് മുന്നേ ഗ്യാസ് സ്‌റ്റേഷൻ ഭീകരർ തകർത്തു. പിന്നീട് നടത്തിയ ആക്രമണത്തിൽ ജൂത പുരോഹിതനും ഭാര്യയും ഇസ്രായേലി ബന്ദികളുമടക്കം 7 പേരായിരുന്നു കൊല്ലപ്പെട്ടത്. ലിയോപോൾഡ് കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്ക് നേരെ വെടിയുതിർത്താണ് ഭീകരർ താജ് ഹോട്ടലിൽ എത്തിയത്. ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാർ ഉൾപ്പെടെ 31 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഭീകരാക്രമണത്തെ പിന്നീട് സൈന്യവും പൊലീസും ചെറുത്തുതോൽപ്പിച്ചു.