ശബരിമല: സന്നിധാനത്ത് തിരുമുറ്റത്തും സോപാനത്തും മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിൽ എക്‌സിക്യൂട്ടീവ് ഓഫീസറോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല പതിനെട്ടാം പടിയിൽ നിന്നുളള പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെയാണ് മൊബൈൽ വീഡിയോ ചിത്രീകരണത്തിലും ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.
നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി നിർദ്ദേശിച്ചത്. വിഷയങ്ങൾ നാളെ വീണ്ടും പരിഗണിക്കും. പതിനെട്ടാം പടിയിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത സംഭവത്തിൽ പൊലീസിന്റെ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ശബരിമലയിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. പക്ഷേ ഇത്തരം നടപടികൾ അനുവദനീയമല്ല. പ്രത്യേകതകൾ ഉള്ള ആരാധനാലയമാണ് ശബരിമലയെന്നും കോടതി ചൂണ്ടിക്കാട്ടി.
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ വിശ്വഹിന്ദു പരിഷത് ഉൾപ്പെടെയുളള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മേൽശാന്തി ഉൾപ്പെടെയുളളവർ അയ്യപ്പനെ തൊഴുത് പിന്നോട്ടാണ് പടികൾ ഇറങ്ങുന്നത്. അവിടെ തിരുനടയ്‌ക്ക് പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട് നടത്തിയത് ആചാരലംഘനമാണെന്ന് വിഎച്ച്പി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പതിനെട്ടാം പടിയിലെ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയത്. വിഷയം വിവാദമായതോടെ സാന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ ഷൂട്ടുകൾ ഡിജിപി നിരോധിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.