എറണാകുളം: പാർട്ടി ഏൽപ്പിച്ച ജോലി താൻ കൃത്യമായി ചെയ്തുവെന്നും മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ അക്കമിട്ട് മറുപടി നൽകിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ. എറണാകുളത്ത് സംസ്ഥാന പഠനശിബിരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. നേതൃമാറ്റം ആവശ്യപ്പെടുമോയെന്ന തരത്തിലുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കുത്തിത്തിരിപ്പ് വേണ്ടെന്നായിരുന്നു ശോഭയുടെ മറുപടി. പാലക്കാട് നഗരസഭ പിടിക്കുകയാണ് ഇനി അജണ്ടയെന്നും ഒരു സീറ്റെങ്കിലും അധികം നേടാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും ശോഭ പറഞ്ഞു.
“മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറായി വാർത്താസമ്മേളനത്തിന് എത്തുകയും, എല്ലാ ചോദ്യങ്ങൾക്കും അക്കമിട്ട് മറുപടി പറയുകയും ചെയ്ത സംസ്ഥാന അദ്ധ്യക്ഷനെയാണ് വാർത്താസമ്മേളനത്തിൽ കണ്ടത്. പാർട്ടിയുടെ സംസ്ഥാന ഘടകം എന്തുജോലി എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ അത് കൃത്യമായി ചെയ്തുതീർത്തിട്ടുണ്ട്. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന ഘടകവും ശോഭ എന്തുജോലി ചെയ്യണമെന്ന് തീരുമാനിക്കുകയും ആ ജോലി കൃത്യമായി ചെയ്തുതീർത്തുവെന്ന് ആത്മവിശ്വാസമുള്ളയാളാണ് ഞാൻ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ, ഒരു മുനിസിപ്പൽ കൗൺസിലറെ യുഡിഎഫിന് അധികമുണ്ടാക്കാൻ സാധിക്കുമോയെന്ന് വെല്ലുവിളിക്കുകയാണ്. അടുത്ത പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരവും തൃശൂരും ഉൾപ്പടെയുള്ള കോർപ്പറേഷനുകൾ ബിജെപി ഭരിക്കും. – ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെ ബിജെപി പ്രവർത്തകർ സ്ഥാപിച്ചെന്ന രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ഈ പോസ്റ്ററുകളിലും വാർത്തകളിലും യാതൊരു ആധികാരികതയുമില്ലെന്ന് ശോഭ വ്യക്തമാക്കി. അർദ്ധരാത്രി ആർക്കുവേണമെങ്കിലും പോസ്റ്റർ ആർക്കുവേണമെങ്കിലും ഒട്ടിക്കാം. സംസ്ഥാന അദ്ധ്യക്ഷൻ നൽകിയ പ്രസ്താവന വാർത്തയാക്കുന്നത് പോലെയാണ് ബിജെപി നേതാക്കൾക്കെതിരെ പല വാർത്തകളും ചില മാദ്ധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസായി നൽകിയിരുന്നതെന്നും ശോഭ പറഞ്ഞു.















