കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് നവീൻ ബാബുവിന്റെ കുടുംബം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അറിയിച്ച കുടുംബം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹർജിയിൽ പറയുന്നു. നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് ആദ്യമേ തീരുമാനിക്കുകയും ആ നിഗമനത്തിലേക്ക് എത്തിക്കുന്ന രീതിയിൽ അന്വേഷണം നടത്തുകയുമാണ് ചെയ്തത്. ആത്മഹത്യയാണെന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ല. നവീൻ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്. അന്വേഷണത്തിൽ പലപ്പോഴായി പാളിച്ചകൾ സംഭവിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികളിൽ പൊലീസിന് വീഴ്ചയുണ്ടായി.
സംഭവത്തിൽ ഇനിയും പൊലീസ് അന്വേഷണം നടത്തുന്നതിൽ പ്രതീക്ഷയില്ല. നവീൻ ബാബുവിന്റെ മരണത്തിൽ ആഴത്തിലുള്ള അന്വേഷണം നടത്തണം. അതിനായി കേന്ദ്ര ഏജൻസികൾ വരണം. സിബിഐ ഇടപെടണമെന്നും അന്വേഷണം ഏറ്റെടുക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ പറയുന്നു. നവീന്റെ ഭാര്യ മഞ്ജുഷയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.