ന്യൂഡൽഹി: വൈഭവ് സൂര്യവംശി. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരുകോടിയിൽ പരം രൂപ ലേലതുക ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഈ എട്ടാം ക്ലാസുകാരൻ. ക്രിക്കറ്റിനെ നെഞ്ചോട് ചേർത്ത ഇന്ത്യയിൽ ഒരു പക്ഷെ നാളെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ഈ ഇടംകൈയ്യൻ കുട്ടിത്താരത്തിന്റെ ബാറ്റിംഗ് വൈഭവമാകും.
രാജസ്ഥാൻ റോയൽസാണ് 1.10 കോടി രൂപയ്‌ക്ക് ഈ 13 കാരനെ സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു വൈഭവിന്റെ അടിസ്ഥാന ലേല തുകയായി നിശ്ചയിക്കപ്പെട്ടിരുന്നത്. ഡൽഹി ക്യാപ്പിറ്റൽസും വൈഭവിന് വേണ്ടി രംഗത്തെത്തിയിരുന്നു. 1.10 കോടി രൂപ ഡൽഹി ക്യാപ്പിറ്റൽസും ലേലം വിളിച്ചെങ്കിലും പിന്നീട് പിൻമാറി. അങ്ങനെ രാജസ്ഥാൻ റോയൽസിന് വൈഭവിനെ സ്വന്തമായി.
ബിഹാറിന് വേണ്ടി വിനു മങ്കാദ് ട്രോഫിയിൽ നടത്തിയ മാസ്മരിക പ്രകടനമാണ് വൈഭവിനെ താരമാക്കി ഉയർത്തിയത്. അഞ്ച് കളികളിൽ നിന്ന് 400 ഓളം റൺസാണ് അടിച്ചെടുത്തത്. അന്താരാഷ്‌ട്ര സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായും വൈഭവ് വാർത്തകളിൽ നിറഞ്ഞു. ചെന്നൈയിൽ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും അണ്ടർ 19 ടീമുകൾ തമ്മിൽ നടന്ന യൂത്ത് ടെസ്റ്റിൽ 104 റൺസെടുത്തുകൊണ്ടായിരുന്നു ഈ പ്രകടനം. 62 പന്തിൽ നിന്നാണ് വൈഭവ് 104 റൺസ് അടിച്ചെടുത്തത്. വൈഭവ് രാജസ്ഥാൻ റോയൽസിലെത്തിയ ശേഷം ഈ ബാറ്റിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സമ്മർദ്ദമില്ലാതെ ഫീൽഡിംഗ് വിടവുകൾ കണ്ടെത്തി അനായാസം ഷോട്ടുകൾ പായിക്കുന്ന വൈഭവിനെ വീഡിയോയിൽ കാണാം.
ഇതിന് മുൻപ് 2023-24 രഞ്ജി ട്രോഫിയിൽ ബിഹാറിന് വേണ്ടി 12 ാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വൈഭവ് അരങ്ങേറ്റം കുറിച്ചിരുന്നു. 58 പന്തിൽ സെഞ്ചുറി നേടിയ റെക്കോർഡും വൈഭവിന്റെ പേരിലുണ്ട്. യൂത്ത് ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. അന്താരാഷ്‌ട്ര തലത്തിൽ രണ്ടാമത്തെ സെഞ്ചുറിയും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ബിഹാറിന് വേണ്ടി വൈഭവ് ഇറങ്ങിയിരുന്നു.
തന്നെ ടീമിലേക്ക് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിന് വൈഭവ് നന്ദി അറിയിച്ചു. ബിഹാർ തലസ്ഥാനമായ പറ്റ്‌നയിൽ നിന്നും 100 കിലോമീറ്ററോളം അകലെയുളള സമസ്തിപൂരിൽ നിന്നാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്ക് വൈഭവ് കളം പിടിക്കുന്നത്.















