ഇതുവരെ കണ്ടുപരിചയമില്ലാത്ത അത്യപൂർവ്വ മുഹൂർത്തത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമലോകം സാക്ഷിയായത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ത്രീയും ഉയരം കുറഞ്ഞ സ്ത്രീയും കണ്ടുമുട്ടിയാൽ എന്താകും അവർക്ക് പറയാനുണ്ടാവുക. സമൂഹത്തിൽ നിന്നും നേരിട്ട കളിയാക്കലുകളും പരിഹാസങ്ങളും പറയാനുണ്ടാകും. എന്നാൽ, ഇപ്പോൾ അവർക്ക് നേട്ടത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചും മാത്രമാണ് പങ്കുവക്കാനുള്ളത്. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച രണ്ട് വ്യക്തിത്വങ്ങൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി റുമേയ്സ ഗെൽഗിയും ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായി ജ്യോതി ആംഗേയുമാണ് ആ വ്യക്തികൾ.
ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഡേയുടെ 20-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും ലണ്ടനിലെ ആഡംബര ഹോട്ടലായ സവോയിയിൽ ഒരുമിച്ചത്ഇരുവരും ഒരു മേശയുടെ രണ്ട് വശങ്ങളിലായി ഇരുന്നപ്പോൾ അതൊരു കൗതുക കാഴ്ചയായി. റുമേയ്സയുടെ കൈകളിൽ ഒരു പാവക്കുട്ടിയെ പോലെ ഇരിക്കുന്ന ജ്യോതിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
തുർക്കിയിലാണ് റുമേയ്സ താമസിക്കുന്നത്. 215 സെന്റിമീറ്റർ, അതായത് ഏഴ് അടി ഏഴ് ഇഞ്ചാണ് റുമേയ്സയുടെ ഉയരം. വീവർ സിൻഡ്രോ എന്ന ജനിതക രോഗത്തെ തുടർന്നാണ് റുമേയ്സയ്‌ക്ക് ഇത്രയും ഉയരമുണ്ടായത്. ഇപ്പോഴും നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന റുമേയ്സയ്‌ക്ക് ഗിന്നസ് വേൾഡ് റെക്കോർഡും ജ്യോതിയുമായുള്ള കൂടിക്കാഴ്ചയും സന്തോഷം പകരുകയാണ്.
61 സെന്റീമീറ്റർ മാത്രമാണ് ജ്യോതി ആംഗേയുടെ നീളം. ഒരു റിയാലിറ്റി ഷോയിലൂടെയാണ് ജ്യോതി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയിൽ സജീവമായ ജ്യോതിക്ക് ഒരുപാട് ആരാധകരെ സ്വന്തമാക്കാനും സാധിച്ചു. ജ്യോതിയുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. റുമേയ്സയുടെ സമീപത്ത് ജ്യോതി നിൽക്കുമ്പോൾ ഇരുവരും തമ്മിലുള്ള അന്തരം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിലെ താരങ്ങൾ.















