ന്യൂഡൽഹി: ഭരണഘടന ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ടത് അടിയന്തരാവസ്ഥക്കാലത്ത് ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയിൽ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ന് കശ്മീരിൽ വരെ ബാബാസാഹെബ് അംബേദ്ക്കറുടെ ഭരണഘടന നടപ്പിലായിക്കഴിഞ്ഞു. ഭരണഘടനയുടെ ശക്തിയാണ് അത് തെളിയിക്കുന്നത്. അത് നൽകിയ അധികാരത്തിന്റെ കരുത്തിലാണ് കശ്മീരിൽ വരെ ഭരണഘടന നടപ്പിലാക്കാൻ കഴിഞ്ഞത്. ഇക്കുറി കശ്മീരിൽ ആദ്യമായി ഭരണഘടനാ ദിനം ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
75 വർഷമായി രാജ്യം നേരിടുന്ന വെല്ലുവിളികളിൽ ശരിയായ പാത കാണിച്ചു തരാൻ ഭരണഘടനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം നേരിട്ട വെല്ലുവിളി ഭരണഘടനയും നേരിട്ടു. ഇന്ന് ഭരണഘടന വെല്ലുവിളി നേരിടുന്നുവെന്ന കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനുളള മറുപടി കൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഭരണഘടനയുടെ യഥാർത്ഥ പതിപ്പിൽ ഭഗവാൻ ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും ഉൾപ്പെടെ ചിത്രങ്ങളുണ്ട്. ഇന്ത്യൻ സംസ്‌കാരമാണ് അത് അടയാളപ്പെടുത്തുന്നത്. മാനവീക മൂല്യങ്ങളെക്കുറിച്ചും അത് നമ്മളെ ഓർമ്മപ്പെടുത്തുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്നത്തെ ഇന്ത്യയുടെ നയങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനം ഈ മാനുഷീക മൂല്യങ്ങളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തോടുളള പ്രതിബദ്ധതയാണ് ഭരണഘടനയെ നൂറ്റാണ്ടുകളോളം സജീവമാക്കി നിലനിർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ജനങ്ങൾക്ക് വളരെ എളുപ്പം പൈപ്പ് വെളളം ലഭ്യമാണ്. പക്ഷെ സ്വാതന്ത്ര്യത്തിന് ശേഷം 75 വർഷം പിന്നിട്ടിട്ടും ഈ സൗകര്യം മൂന്ന് കോടി വീടുകളിൽ മാത്രം ഒതുങ്ങിയിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.