കുമളി: തമിഴ്‌നാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് അകപ്പെട്ട ഭിന്നശേഷിക്കാരനായ ശബരിമല തീർത്ഥാടകന് സഹായം ലഭ്യമാക്കി കേരള പൊലീസ്. ഈ മാസം 17ന് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയ കർണാടക സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമനാണ് വിജനമായ പ്രദേശത്ത് കുടുങ്ങിപ്പോയത്. മണ്ണിട്ട വഴിയിലെ ചെളിയിൽ ഇദ്ദേഹത്തിന്റെ മുച്ചക്രവാഹനം താഴ്ന്ന് പോവുകയായിരുന്നു. ശബരിമലയിൽ നിന്ന് തിരിച്ച് കർണാടകയിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് പരശുരാമൻ പോയത്.
കുമളിയിൽ വെച്ച് ഹൈവേയിൽ നിന്ന് മാറി മറ്റൊരു എളുപ്പവഴി ഗൂഗിൾ മാപ്പ് കാണിച്ച് തന്നതോടെ അദ്ദേഹം ആ വഴി തെരഞ്ഞെടുത്തു. വിജനമായ വഴിയായിരുന്നു ഇത്. രാത്രിയായതും മറ്റൊരു തടസ്സമായി. ഈ വഴി അധികദൂരം പോകുന്നതിന് മുൻപ് അദ്ദേഹത്തിന്റെ മുച്ചക്രവാഹനം ചെളിയിൽ താഴ്ന്നു. ഒറ്റപ്പെട്ട ഇടത്താണെന്ന് മനസിലായതോടെ ഇദ്ദേഹം പൊലീസിന്റെ സഹായം തേടുകയായിരുന്നു. കേരളത്തിലാണെന്ന് കരുതി കേരള പൊലീസിനെ ബന്ധപ്പെടാനുള്ള വഴിയാണ് ഗൂഗിളിൽ തിരഞ്ഞത്. അങ്ങനെ ലഭിച്ച നമ്പറിലൂടെ ഇടുക്കി ജില്ലയിലെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലാണ് പരശുരാമൻ സഹായത്തിനായി വിളിച്ചത്.
രാത്രി സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കന്നഡ ഭാഷയിലെ സഹായാഭ്യർത്ഥന മനസ്സിലാക്കാൻ പ്രയാസപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ ഹരീഷ് തന്റെ മൊബൈൽ നമ്പർ പരശുരാമന് നൽകി അതിലേക്ക് ലൊക്കേഷൻ അയച്ചു നൽകാൻ ആവശ്യപ്പെട്ടു. ലൊക്കേഷൻ പരിശോധിച്ചപ്പോൾ അദ്ദേഹം 180 കിലോമീറ്റർ അകലെ തമിഴ്‌നാട് പരിധിയിലാണെന്ന് മനസ്സിലായി. അവിടേക്ക് വിളിച്ച് സഹായം തേടാനായി വിളിക്കേണ്ട നമ്പറും മറ്റു വിവരങ്ങളും നൽകി. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് സഹായം ലഭ്യമായില്ലെന്ന് അറിയിച്ചുകൊണ്ട് വീണ്ടും കാഞ്ഞാർ പൊലീസ് സ്റ്റേഷനിലേക്ക് അദ്ദേഹം വിളിച്ചു.
ഇടുക്കി ജില്ലാ ആൻറി നാർക്കോട്ടിക്ക് വിഭാഗത്തിൽ പ്രവർത്തിക്കുന്ന മഹേഷ് ഈഡൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ തമിഴ്‌നാട് പൊലീസിനെ ബന്ധപ്പെട്ട് ലൊക്കേഷൻ നൽകി സഹായം അഭ്യർത്ഥിക്കാൻ ശ്രമിച്ചു. തുടർന്ന് രാത്രിയോടെ തമിഴ്‌നാട് പൊലീസിന്റെ സഹായം പരശുരാമന് ലഭിക്കുകയും ചെയ്തു. സഹായം അഭ്യർത്ഥിച്ചത് കേരളത്തിന് പുറത്ത് നിന്നായിരുന്നിട്ടും, തനിക്ക് എല്ലാപിന്തുണയും നൽകിയതിൽ നന്ദി അറിയിച്ച പരശുരാമൻ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി തന്നെ സഹായിച്ച പൊലീസുകാരെ കാണുകയും ചെയ്തു. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷീബ ശേഖർ, എസ്.സി.പി.ഒ ഹരീഷ് ബാബു, സി.പി.ഒ ഷിജിന ജെ.ഐ, ഇടുക്കി ഡാൻസാഫിലെ സി.പി.ഒ മഹേഷ് ബാബു എന്നിവരുടെ പ്രവർത്തനമാണ് പരശുരാമന് രക്ഷയായത്.















