ഹൈദരാബാദ്: ഭക്ഷണം നന്നായി പാകം ചെയ്യാതെ നൽകിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ. തെലങ്കാനയിലെ നാരായൺപേട്ടിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും തലവേദനയും അനുഭവപ്പെട്ട 22 കുട്ടികളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മഗനൂരിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം.
സ്‌കൂളിൽ നിന്ന് കൊടുത്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വിദ്യാർത്ഥികളിൽ ചിലർ സമീപമുള്ള ബേക്കറിയിൽ നിന്ന് ലഘുഭക്ഷണം കഴിച്ചുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഭക്ഷ്യസാമ്പിളുകൾ വിശദ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ടെന്ന് ഡിഇഒ അറിയിച്ചു. 400ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂളിൽ നിന്ന് തന്നെയാണ് ഉച്ചഭക്ഷണം കഴിച്ചത്.
ഇതിൽ 22 പേർക്കാണ് ഛർദ്ദി, വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടത്. അതേസമയം സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനൊപ്പം ലഭിച്ച കറിയിലെ ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തിരുന്നില്ലെന്ന് ചില വിദ്യാർത്ഥികൾ പറയുന്നു. സ്‌കൂളിന് പുറത്ത് നിന്ന് ലഘുഭക്ഷണം കഴിച്ചുവെങ്കിലും, ഉച്ചയ്‌ക്കത്തെ ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും ഇവർ പറയുന്നു. ഈ മാസം 20ാം തിയതിയും ഇതേ സ്‌കൂളിൽ നിന്ന് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.