തെന്നിന്ത്യൻ താരം നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടൻ ധനുഷ്. പകർപ്പാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ധനുഷ് സിവിൽ അന്യായം ഫയൽ ചെയ്തിരിക്കുന്നത്. ധനുഷിന്റെ നിർമാണ കമ്പനി മുഖേന നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഡോക്യുമെന്ററി പുറത്തിറക്കിയ നെറ്റ്ഫ്ലിക്സിന്റെയും നയൻതാരയുടെയും ഭർത്താവ് വിഘ്നേഷ് ശിവന്റെയും വിശദീകരണം ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നറിയിപ്പുകൾ അവഗണിച്ചും പകർപ്പാവകാശം ലംഘിച്ചെന്നാണ് ധനുഷ് പറയുന്നത്. വിഷയത്തിൽ നയൻതാരയുടെയും നെറ്റ്ഫ്ലിക്സിന്റെയും മറുപടി നിർണായകമാണ്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
നയൻതാര: ബിയോണ്ട് ദി ഫെയ്റി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘എന്ന സിനിമയിലെ രംഗങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ചെന്നാണ് കേസ്. ധനുഷിന്റെ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതി നൽകിയത്. ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവിടുന്നതിന് മുന്നോടിയായി റിലീസായ ട്രെയിലറിൽ നാനും റൗഡി താൻ സിനിമയിലെ 3 സെക്കൻഡ് രംഗം ഉൾപ്പെടുത്തിയിരുന്നു.
ഇത് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ ദൃശ്യങ്ങൾ പിൻവലിക്കാൻ നയൻതാര തയ്യാറായില്ല. നാനും റൗഡി താൻ ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററി റിലീസ് ചെയ്തു. ഈ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുന്നത്. പകർപ്പാവകാശം ലംഘിച്ചെന്ന് തെളിഞ്ഞാൽ ധനുഷ് ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക നയൻതാര നൽകേണ്ടതായി വരും.