പാലക്കാട്: കോൺഗ്രസ്-എസ്ഡിപിഐ ബാന്ധവം നിഷേധിക്കാതെ നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാൽ എന്താണ് തെറ്റെന്ന നിലപാടിലാണ് രാഹുൽ. ഉപതെരഞ്ഞെടുപ്പിന് മുൻപുള്ള പ്രചാരണവേളയിൽ എസ്ഡിപിഐ നേതാക്കളോടൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിനെക്കുറിച്ച് ജനംടിവി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിയുക്ത എംഎൽഎ.
എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നിരോധിച്ച സംഘടനകൾ അല്ലല്ലോ? അതിനാൽ അവരുടെ ഓഫീസിൽ പോകുന്നതിൽ എന്താണ് തെറ്റ്? എസ്ഡിപിഐ പ്രവർത്തകർ പൊതുമധ്യത്തിൽ നിന്നെടുത്ത ചിത്രമാണത് – രാഹുൽ ന്യായീകരിച്ചു. പാലക്കാട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിനിടെയായിരുന്നു പ്രതികരണം.
പാലക്കാട് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ വോട്ട് വേണ്ടെന്നു വെക്കാൻ യുഡിഎഫ് തയ്യാറാകുമോ എന്നത് തെരഞ്ഞെടുപ്പിൽ ഉടനീളം ഉയർന്ന ചോദ്യമായിരുന്നു. എന്നാൽ അതിന് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കോൺഗ്രസ് നേതൃത്വം. അതിനിടെയായിരുന്നു എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി നേതാക്കൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുടെ ഓഫീസിലെത്തിയായിരുന്നു രാഹുൽ കൂടിക്കാഴ്ച നടത്തിയത്.
ഇതും വായിക്കുക: രാഹുലിന്റെ ഗ്രീൻ ആർമിയും വോട്ടുവന്ന വഴിയും; SDPI, ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കൊപ്പം നിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രങ്ങൾ പുറത്ത്















