മുംബൈ: മുഖ്യമന്ത്രി ആരായാലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണയ്‌ക്കുമെന്ന് വ്യക്തമാക്കി ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മഹായുതിക്കും സംസ്ഥാനത്തിനും ഗുണകരമായ എന്ത് തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊണ്ടാലും അത് സ്വീകാര്യമാണ്. മഹാരാഷ്‌ട്രയിലെ സർക്കാർ രൂപീകരണത്തിൽ താൻ കാരണം ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“പ്രധാനമന്ത്രിയെയും അമിത് ഷായെയും ഫോണിൽ വിളിച്ചിരുന്നു. സർക്കാർ രൂപീകരണത്തിൽ യാതൊരു പ്രശ്‌നവും തങ്ങളുടെ ഭാഗത്തുനിന്നില്ലെന്ന് വ്യക്തമാക്കി. ബിജെപി നേതാക്കളെപ്പോലെ മഹായുതിക്ക് വേണ്ടിയുള്ള അവരുടെ തീരുമാനം ഞങ്ങളും അംഗീകരിക്കും,” ഏക്നാഥ് ഷിൻഡെ പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ തന്നെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കും ഷിൻഡെ നന്ദി പറഞ്ഞു.
ഒരു ശിവസൈനികനെ മുഖ്യമന്ത്രിയായി അഭിഷേകം ചെയ്യുകയെന്ന മഹാരാഷ്‌ട്രയുടെ സ്വപ്നം മോദിയും അമിത്ഷായും സാക്ഷാത്കരിച്ചു. കഴിഞ്ഞ രണ്ടര വർഷവും കേന്ദ്രത്തിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. വികസന പദ്ധതികൾക്കായി ആവശ്യപ്പെട്ട കോടികൾ കേന്ദ്രം അനുവദിച്ചു നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് ബിജെപിയുടെ മുതിർന്ന നേതാക്കൾ എന്ത് തീരുമാനമെടുത്താലും അവരുടെ സ്ഥാനാർത്ഥിയെ ശിവസേന പൂർണമായി പിന്തുണയ്‌ക്കും.
നാളെ ആഭ്യന്തരമന്ത്രി അമിത്ഷായുമായി മൂന്ന് പാർട്ടികളും യോഗം ചേരുമെന്നും ഇതിലെ വിശദമായ ചർച്ചകൾക്കൊടുവിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഏക്നാഥ് ഷിൻഡെ അറിയിച്ചു. മഹായുതി സഖ്യം നേടിയ ഉജ്ജ്വല വിജയത്തിന് അദ്ദേഹം വോട്ടർമാരോട് നന്ദിയും അറിയിച്ചു.















