സൗരദൗത്യവും ചാന്ദ്രദൗത്യവുമൊക്കെ ഇസ്രോ ഞൊടിയിടയിലാണ് വിജയകരമാക്കിയത്. എന്നാൽ എക്കാലത്തെയും വെല്ലുവിളി നിറഞ്ഞ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ശുക്രന്റെ ഉപരിതലത്തിലേക്കാണ് ഏറ്റവുമൊടുവിലത്തെ യാത്ര. ‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ശുക്രനിലേക്കുള്ള യാത്ര എന്തുകൊണ്ടാകും ഇത്ര വെല്ലുവിളി നിറഞ്ഞത്?
ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം, സൂര്യന്റെ അരുമ എന്നറിയപ്പെടുന്ന ഗ്രഹം, ഭൂമിക്ക് പുറമേ ഹരിതഗ്രഹ പ്രഭാവമുള്ള ഗ്രഹം, സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്ന ഗ്രഹം എന്നുതുടങ്ങി നിരവധി പ്രത്യേകതകളാണ് ശുക്രനുള്ളത്. സൂര്യനോട് അടുത്തുള്ള ഗ്രഹമായതിനാൽ തന്നെ ശുക്രനിലെ ചൂട് അസഹനീയമാണ്. 475 ഡിഗ്രി സെൽഷ്യസാണ് സാധാരണഗതിയിലെ താപനില, അതായത് ഈയം ഉരുക്കാൻ പാകത്തിനുള്ള ചൂടാണ് ഈ തിളങ്ങുന്ന ഗ്രഹത്തിൽ. കാർബൺ ഡൈ ഓക്സൈഡും സൾഫ്യൂറിക് ആസിഡും ചേർന്ന വിഷം കലർന്നതാണ് ശുക്രന്റെ അന്തരീക്ഷം. ഭൂമിയുടെ 92 മടങ്ങ് മർദ്ദമാണ് ഉപരിതലത്തിനുള്ളത്. ഇക്കാരങ്ങൾ കൊണ്ടാണ് ശുക്രദൗത്യം വെല്ലുവിളി നിറഞ്ഞതാണെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ.
കുറഞ്ഞ ചെലവിൽ മികവുറ്റ ഉപഗ്രഹങ്ങൾ നിർംമിക്കുകയും വിക്ഷേപിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുള്ള ഇസ്രോ അരയും തലയും മുറുക്കി ശുക്രനിലേക്കിറങ്ങുകയാണ്. ചുട്ടുപൊള്ളുന്ന താപനിലയെ തരണം ചെയ്യാൻ കെൽപ്പുള്ള, തീവ്രമായ അന്തരീക്ഷ മർദ്ദത്തെ ചെറുക്കാൻ സാധിക്കുന്ന പേടകത്തെയാകും ഇന്ത്യ അയക്കുക. സൾഫ്യൂരിക് ആസിഡ് മേഘങ്ങളാണ് ശുക്രനിൽ. അതുകൊണ്ട് തന്നെ ശുക്രനിലേക്ക് അയക്കുന്ന ഉപകരണങ്ങൾക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. അല്ലാത്തപക്ഷം ഉപകരണങ്ങളുടെ ക്ഷമത കുറയാൻ കാരണമാകും. ശുക്രയാൻ ദൗത്യം പരിക്രമണ നിരീക്ഷണങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ശുക്രന്റെ ഉപരിതല പ്രക്രിയകൾ, ശിലാപാളികളെ കുറിച്ചുള്ള പഠനങ്ങൾ, അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ചാകും ദൗത്യം പഠനം നടത്തുക.
ശുക്രന്റെ കട്ടിയുള്ള അന്തരീക്ഷം ആശയവിനിമയത്തിനും ഡാറ്റാ കൈമാറ്റത്തിനും വെല്ലുവിളി സൃഷ്ടിച്ചേക്കാം. ബഹിരാകാശ പേടകങ്ങൾക്ക് ഊർജ്ജം നൽകുന്ന സോളാർ പാനലുകൾ ഇവിടെ ഫലപ്രാപ്തി നൽകാൻ സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സാന്ദ്രത കൂടിയ ഉപരിതലവും സൾഫ്യൂരിക മേഘങ്ങളുമാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇത്രയേറെ വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനാണ് ഇസ്രോ തയ്യാറെടുക്കുന്നത്. ശാസ്ത്രലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് ശുക്രയാൻ ദൗത്യത്തെ നോക്കികാണുന്നത്.