നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ടുള്ള ഇരുവരുടെയും വിവാഹമോചന ഹർജി അംഗീകരിച്ച് കോടതി ഉത്തരവ് പുറത്തിറക്കി.
മൂന്ന് തവണ ഹിയറിംഗിന് ഹാജരാകാത്തതിനാൽ ഇരുവരും പിരിയുന്നില്ല എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അവസാന ഹിയറിംഗായ നവംബർ 21-ന് ഇരുവരും ഹാജരായി. ഒന്നിച്ചുജീവിക്കാൻ താത്പര്യമില്ലെന്ന് ദമ്പതികൾ കോടതിയെ അറിയിച്ചിരുന്നു. വാദം കേട്ട കോടതി വിധി 27-ലേക്ക് മാറ്റുകയായിരുന്നു.
2022-ലാണ് തങ്ങളുടെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന വിവരം ധനുഷ് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ‘ദമ്പതികളായും സുഹൃത്തുക്കളായും മാതാപിതാക്കളായും ഒരുമിച്ചുള്ള 18 വർഷം. പരസ്പരം മനസിലാക്കിയും വളർച്ചയിൽ പങ്കുചേർന്നുമായിരുന്നു ഞങ്ങളുടെ യാത്ര. എന്നാൽ ഇനി മുതൽ രണ്ട് വഴികളിലേക്ക് സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കണം. ഞങ്ങൾക്ക് സ്വകാര്യത നൽകുക’- എന്നായിരുന്നു ധനുഷിന്റെ കുറിപ്പ്.
2004-ൽ ആയിരുന്നു ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വിവാഹം. ലിംഗ, യാത്ര എന്നിവരാണ് മക്കൾ. ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ധനുഷിന്റെ പോസ്റ്റ് പുറത്തെത്തിയത്.















