ഇസ്ലാമാബാദ്: പാകിസ്താനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ ജാഗ്രതാ നിർദേശം. ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടൽ, പെഷവാർ ഗോൾഫ് ക്ലബ്, ഇതിന്റെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീവ്രവാദ ഭീഷണികൾ ഉണ്ടെന്നും ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലൂടെ യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സുന്നി-ഷിയ വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് സന്ദേശം പുറത്ത് വന്നതെന്ന് പൊലീസ് പറയുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള കുറം ജില്ലയിലാണ് അവസാനമായി ആക്രമണം നടന്നത്.
വലിയ രീതിയിൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും, എംബസി പുറപ്പെടുവിച്ച യാത്രാ നിർദേശങ്ങൾ യുഎസ് പൗരന്മാർ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മേഖലയിൽ ഉണ്ടായ ആക്രമണങ്ങളിൽ 100 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുറം ഡെപ്യൂട്ടി കമ്മീഷണർ ജാവേദുല്ല മെഹ്സൂദ് പറഞ്ഞു.
മേഖലയിൽ കൂടുതൽ പൊലീസ്-സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരാചിനറിൽ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുറം ജില്ലയിൽ അലിസായി-ബഗാൻ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പിന്നാലെയുണ്ടായ ആക്രമണങ്ങളിൽ 37 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് സർക്കാർ പ്രതിനിധികളും ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവരും നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിൽ ഷിയ-സുന്നി വിഭാഗങ്ങൾക്കിടയിൽ ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു.















