ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ അറസ്റ്റിലായ ലഷ്കർ ഭീകരനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സൽമാൻ റഹ്മാൻ ഖാനെ ഇന്ത്യയിലേക്ക് മാറ്റിയത്. പ്രത്യേക സുരക്ഷ സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടി.
നിരോധിത ഭീകര സംഘടനയായ ലഷ്കർ- ഇ-തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്ന തടിയന്റവിട നസീറിന്റെ അടുത്ത കൂട്ടാളിയാണ് സൽമാൻ. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന ഭീകരവാദ ഗൂഢാലോചന കേസിൽ നസീറിനൊപ്പം ഇയാളും ഉൾപ്പെട്ടിരുന്നു.
പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടാണ് സൽമാൻ ബംഗളൂരു ജയിലിൽ എത്തുന്നത്. അവിടെ വെച്ചാണ് തടിയന്റെവിട നസീറിനെ പരിചയപ്പെടുന്നത്. തുടർന്ന് ജയിൽ കേന്ദ്രീകരിച്ച് നടന്ന് സ്ഫോടന ഗൂഢാലോചനയിൽ ഇയാളും പങ്കാളിയായി. കോടതിയിൽ ഹാജരാക്കുമ്പോൾ രക്ഷാപ്പെടാനുള്ള പദ്ധതിയും ഇരുവരും ആസൂത്രണം ചെയ്യുന്നു.
റുവാണ്ട ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (ആർഐബി), ഇൻ്റർപോൾ, നാഷണൽ സെൻട്രൽ ബ്യൂറോ (എൻസിബി) എന്നിവയുടെ സഹകരണത്തോടെ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ വച്ചാണ് സൽമാനെ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട യുവാക്കൾക്ക് സ്‌ഫോടക വസ്തുകൾ എത്തിച്ചതിൽ സൽമാന്റെ പങ്ക് ഏജൻസി കണ്ടെത്തിയിരുന്നു. 2023 ജൂണിൽ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ജയിലിൽ വെച്ച് തീവ്രവാദത്തിലേക്ക് ആകർഷിച്ചത് നസീർ ആണെന്നാണ് ഇവർ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ കേന്ദ്രീകരിച്ച് രൂപപ്പെട്ട ഭീകര മൊഡ്യൂളിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 25 നാണ് ബംഗളൂരു പൊലീസിൽ നിന്ന് എൻഐഎ കേസ് ഏറ്റെടുത്തത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സൽമാനെതിരെ യുഎപിഎ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് എൻഐഎയുടെ ആവശ്യപ്രകാരം ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.