ലക്നൗ: നൂറ്റാണ്ടുകൾ പഴക്കമുള്ള കോളേജിലും അവകാശവാദം ഉന്നയിച്ച് വഖ്ഫ് ബോർഡ്. ഉത്തർപ്രദേശിലെ വാരാണസിയിലെ 115 വർഷം പഴക്കമുള്ള കോളേജായ ഉദയ് പ്രതാപ് കോളേജിന്റെ ഉടമസ്ഥാവകാശമാണ് ലക്നൗ വഖ്ഫ് ബോർഡ് ഉന്നയിച്ചിരിക്കുന്നത്. കോളേജിന്റെ സ്വത്ത് സുന്നി ബോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് വഖ്ഫ് ബോർഡിന്റെ നോട്ടീസിലുള്ളത്.
ട്രസ്റ്റിന് കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഡിസംബർ ആറിനാണ് ഇത് സംബന്ധിച്ച് ആദ്യം നോട്ടീസ് അയച്ചതെന്നും 21-ാം തീയതി മറുപടി നൽകിയെന്നും കോളേജ് പ്രിൻസിപ്പൽ ഡോ.ഡി.കെ. സിംഗ് പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇതേ ആരോപണം വീണ്ടും ഉന്നയിക്കുകയാണെന്ന് കോളേജ് അധികൃതർ ആരോപണം ഉന്നയിച്ചു. വഖ്ഫ് നോട്ടീസിന് മറുപടി നൽകിയെങ്കിലും പ്രദേശത്തെ രഹസ്യമായി മസ്ജിദിന്റെ നിർമാണം നടക്കുന്നതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. തുടർന്ന് കോളേജ് ഭരണസമിതി നിർമാണ സാമഗ്രികൾ നീക്കം ചെയ്തിരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനമായതിനാൽ വഖ്ഫ് ബോർഡ് കോളേജ് ഏറ്റെടുക്കുമെന്ന് സങ്കൽപ്പിക്കുന്നത് അസംബന്ധമാണെന്നും ഡോ. സിംഗ് കൂട്ടിച്ചേർത്തു. 100 ഏക്കറിലിറേ വ്യാപിച്ച് കിടക്കുന്ന കോളേജിൽ 17,000-ത്തിലധികം പേരാണ് പഠിക്കുന്നത്. ഡിഗ്രി കോളേജ്, ഇൻ്റർ കോളേജ്, രാജർഷി ശിശു വിഹാർ, രാജർഷി പബ്ലിക് സ്കൂൾ, റാണി മുരാർ ഗേൾസ് സ്കൂൾ എന്നിവയാണുള്ളത്.















