കൊച്ചി: ഉത്സവങ്ങളിൽ ആനകളെ എഴുന്നെളളിക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂക്ഷമായ വാക്കുകളുമായി ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ എഴുന്നെളളിപ്പുമായി ബന്ധപ്പെട്ടായിരുന്നു കോടതി കേസ് പരിഗണിച്ചത്. ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്ന് കോടതി ചോദിച്ചു.
ആനകളെ എഴുന്നള്ളിക്കുന്നതിൽ മാർഗ്ഗനിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് കോടതി ആവർത്തിച്ചു. 15 ആനകളെയാണ് എഴുന്നെളളിക്കേണ്ടത്. മൂന്ന് മീറ്റർ അകലം വേണമെന്ന ദൂരപരിധി പാലിച്ചാൽ 9 ആനകളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു. എന്നാൽ 15 ആനകളെ എഴുന്നളളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമെന്ന് ആയിരുന്നു കോടതിയുടെ മറുചോദ്യം. ആനകളെ എഴുന്നെളളിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കേണ്ടതുണ്ട്. അകലം പാലിച്ച് 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്ന് കോടതി ചോദിച്ചു. വാദത്തിനിടെ ആനപ്രേമികളെയും കോടതി പരിഹസിച്ചു. ചങ്ങലയിൽ ബന്ധനസ്ഥരായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് ആയിരുന്നു കോടതിയുടെ വാക്കുകൾ.
വാദം നീണ്ടു പോയതോടെ വിദഗ്ധാഭിപ്രായം തേടാനായി ആനവിദഗ്ധനെയും കോടതി ഓൺലൈനായി വിളിച്ചുവരുത്തി. തമ്മിലുള്ള അകലം കുറവാണെങ്കിൽ ആനകൾ അസ്വസ്ഥരാകാൻ സാദ്ധ്യതയുണ്ടെന്ന് ആന വിദഗ്ധൻ കോടതിയെ ബോധിപ്പിച്ചു. സുരക്ഷ മുൻനിർത്തി ആനകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ആളുകളുടെ സുരക്ഷ, ആനകളുടെ പരിപാലനം ഇവയും പ്രധാനപ്പെട്ടതാണെന്നും കോടതി പറഞ്ഞു.