ധാക്ക; ഇസ്‌കോൺ പുരോഹിതനെ അറസ്റ്റ് ചെയ്ത ബംഗ്ലാദേശ് സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അന്യായമായ നടപടിയാണെന്നും ഇസ്‌കോൺ പുരോഹിതൻ ചിൻമയ് ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രാജ്യത്ത് മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പിക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.
ചിറ്റഗോംഗിലെ അഭിഭാഷകന്റെ കൊലപാതകത്തെയും അവർ അപലപിച്ചു. സ്വന്തം ജോലി നിർവ്വഹിക്കാൻ പോയ അഭിഭാഷകനെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവർ തീവ്രവാദികളാണെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി. അവർ ആരായാലും ശിക്ഷിക്കപ്പെടണം.
യൂനുസ് സർക്കാർ ഈ ഭീകരവാദികളെ ശിക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ മനുഷ്യാവകാശ ലംഘനത്തിന് കൂടി ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും ഷെയ്ഖ് ഹസീന ചൂണ്ടിക്കാട്ടി. അധികാരം തട്ടിയെടുത്തവർ എല്ലാ മേഖലകളിലും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവർ വിമർശിച്ചു.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയാണ് അവരുടെ പ്രസ്താവന പുറത്തുവിട്ടത്. ബംഗ്ലാദേശിലെ ആഭ്യന്തര കാലപത്തെ തുടർന്ന് അധികാരമൊഴിഞ്ഞ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.
ഇത്തരം സായുധ കലാപത്തിനും ഭീകരവാദത്തിനുമെതിരെ ബംഗ്ലാദേശ് ജനത ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഏറ്റവും പ്രധാനമാണെന്നും ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയിൽ പറയുന്നു.