ടെൽഅവീവ്: ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
” ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിന് എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും. ആണവായുധം മറ്റൊരിടത്ത് നിന്ന് വാങ്ങാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്നും” ഇസ്രായേലി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ലെബനനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ട സാഹചര്യത്തിൽ ഇറാനിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത് ഏത് രീതിയിൽ ആയിരിക്കുമെന്ന് നെതന്യാഹു വിശദീകരിക്കാൻ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലിന് നേരെ ഇറാൻ രണ്ട് തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹമാസ്, ഹിസ്ബുള്ള നേതാക്കളേയും ഇറാൻ ജനറലിന്റേയും മരണത്തിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം. തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ആണവനയത്തിൽ മാറ്റം വരുത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പറഞ്ഞിരുന്നു. യുഎസിൽ ട്രംപ് അധികാരത്തിൽ എത്താനിരിക്കെ ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.















