കാസർകോഡ്: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മലയാളി മുന ഷംസുദീൻ. കഴിഞ്ഞ വർഷമാണ് കാസർകോട് സ്വദേശിനിയായ മുന, ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയാകുന്നത്. മുൻപ് ജറുസലേമിലെയും ഇസ്‌ലാമാബാദിലെയും ബ്രിട്ടീഷ് ഹൈക്കമ്മീഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ലണ്ടനിലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഡെവലപ്മെന്റ് ഓഫീസിൽ ജോലി ചെയ്യവെയാണ് മുന അഭിമാനകരമായ പുതിയ പദവിയിലേക്ക് എത്തുന്നത്. നോട്ടിംഗ്ഹാം സർവകലാശാലയിൽ നിന്ന് മാത്തമാറ്റിക്സ് ആൻഡ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ മുന ഇതിനുശേഷം ബ്രിട്ടീഷ് വിദേശകാര്യ സർവീസിൽ ചേരുകയായിരുന്നു. ചാൾസ് രാജാവിന്റെ ദൈനംദിന പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മുന അടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിനാണ്. മാത്രമല്ല വിദേശയാത്രകളിൽ രാജാവിനൊപ്പം സഞ്ചരിക്കുകയും വേണം.
തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദീന്റെയും ഷഹനാസിന്റെയും മകളാണ് മുന. മുനയുടെ പിതാവ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും സൈനബിയുടെയും മകനാണ്. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവർത്തിച്ച ഷംസുദീൻ ബിട്ടനിലെ ബെർമിംഗ്ഹാമിൽ കുടുംബ സമേതം സ്ഥിരതാമസമാക്കുകയായിരുന്നു. യു.എന്‍. ഉദ്യോഗസ്ഥനായ ഡേവിഡാണ് മുനയുടെ ഭര്‍ത്താവ്.















