2025-ൽ പതിന്മടങ്ങ് ഉഷാറോടെ ആരാധകർക്ക് ദൃശ്യവിരുന്നൊരുക്കാനായി മോഹൻലാൽ. താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ച് പങ്കുവക്കുകയാണ് ആശിർവാദ് സിനിമാസ്. ആരാധകർക്കുള്ള ഒരു ഓർമപ്പെടുത്തലാണ് ആശിർവാദ് പുറത്തുവിട്ട വീഡിയോ. വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
ബറോസ്, തുടരും, എമ്പുരാൻ, ഹൃദയപൂർവ്വം, വൃഷഭ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളും റിലീസ് തീയതിയുമാണ് പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമാണ് ബറോസ്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നീണ്ട ഇടവേളയ്‌ക്ക് ശേഷം മോഹൻലാൽ സാധാരണക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രം തുടരും 2025 ജനുവരി 30-ന് തിയേറ്ററുകളിലെത്തും. വർഷങ്ങൾക്ക് ശേഷം ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ അടുത്ത വർഷം മാർച്ച് 27-നാണ് റിലീസ് ചെയ്യുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തും. പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പീറ്റർ ഹെയ്നയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം വൃഷഭ 2025 ഒക്ടോബർ 16-നാണ് തിയേറ്ററുകളിലെത്തുന്നത്. 200 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് വൃഷഭ.















