എറണാകുളം: രാസലഹരിക്കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദും സുഹൃത്തുക്കളും ഒളിവിൽ. താമസ സ്ഥലത്ത് നിന്ന് രാസലഹരി പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവിൽ പോയത്. തൊപ്പിയും സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ കോടതിയെ സമീപിച്ചു. ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
ഒരാഴ്ച മുമ്പ് നിഹാദിന്റെ തമ്മനത്തെ വീട്ടിൽ നിന്നാണ് പൊലീസ് എംഡിഎംഎ പിടിച്ചെടുത്തത്. പാലാരിവട്ടം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. നിഹാദിന്റെ ഡ്രൈവറായ ജാമറിൽ നിന്നാണ് രാസലഹരി പിടികൂടിയത്. തൊപ്പി ഉൾപ്പെടെ എട്ട് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
നിഹാദിന്റെ സുഹൃത്തുക്കളായ നാല് യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. നിലവിൽ തൊപ്പിയെ പ്രതിചേർത്തിട്ടില്ല. കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയും മുൻകൂർ ജാമ്യാപേക്ഷ നൽകുകയുമായിരുന്നു. വിഷയത്തിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.















