തിരുവനന്തപുരം: ഹേമാ കമ്മിറ്റി മൊഴികളിൽ പൊലീസ് എടുക്കുന്ന തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകി. കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടും തുടർനടപടികൾ സ്വീകരിക്കുന്നത് ശരിയല്ല. പ്രത്യേക അന്വേഷണ സംഘം ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. അതിനാലാണ് കോടതിയെ സമീപിച്ചതെന്ന് നടി പറഞ്ഞു.
വലിയൊരു ധർമ്മസങ്കടത്തിന്റെ ആയതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമ സേഫ് ആകാൻ വേണ്ടിയാണ് ഹേമ കമ്മിറ്റി മുൻപാകെ മൊഴി കൊടുത്തത്. രഹസ്യ സ്വഭാവും ഉറപ്പുവരുത്തുമെന്നും ഇതിന്റെ പേരിൽ മറ്റാർക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് അന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ പലകാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് നേരിട്ട ദുരനുഭവങ്ങൾ കേട്ടറിവിന്റെ അടിസ്ഥാനത്തിലും പറഞ്ഞിട്ടുണ്ട്.
പേര് വിവരങ്ങൾ രേഖപ്പെടുത്താൻ പാടില്ലെന്ന് പറഞ്ഞിട്ടും അതും കമ്മിറ്റി അതിൽ ഉൾപ്പെടുത്തി. അന്വേഷണ സംഘം വിളിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ അറിയുന്നത്. ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്ഐആർ ഇട്ടിട്ടുണ്ട്. ഞാൻ പറഞ്ഞതിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ പേരും അതിൽ അവർ എഴുതി. എന്നാൽ ആ പെൺകുട്ടി കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലന്ന് പറഞ്ഞിട്ടും അന്വേഷണം സംഘം വിട്ടില്ല.
ഏറ്റവും സേഫ് ആയി കൂടെ ജോലി ചെയ്യാൻ പറ്റുന്ന ആളാണ് കൺട്രോളർ അലക്സ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞാൻ വിളിക്കുന്ന ഏതാനും പേരിൽ ഒരാൾ. ഇദ്ദേഹത്തെയും അന്വേഷണസംഘം ഹരാസ് ചെയ്യുന്ന തരത്തിൽ ചോദ്യം ചെയ്തു. നിരപരാധിയായ ഒരാളെ അപമാനിക്കുന്നതിന്റെ അത്രയില്ല ഞാൻ അനുഭവിച്ചതൊന്നും. നിരപരാധികളെ ഉപദ്രവിച്ച് എന്നോട് മോശമായി പെരുമാറിയ ആളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണ്ടെന്നും മാല പാർവതി പറഞ്ഞു.