ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളത്തിന് വിരോചിത വിജയം. സഞ്ജു നയിച്ച കേരളം 43 റൺസിനാണ് ശ്രേയസ് അയ്യർ നയിച്ച മുംബൈയെ വീഴ്‌ത്തിയത്. കേരളം ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യം (235) പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ സാധിച്ചുള്ളു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം സല്‍മാന്‍ നിസാര്‍ (49 പന്തില്‍ 99*), രോഹന്‍ എസ് കുന്നുമ്മല്‍ (48 പന്തില്‍ 87) എന്നിവരുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോർ നേടിയത്,
സല്‍മാന്‍ 5 ബൗണ്ടറിയും 8 സിക്‌സും പറത്തിയപ്പോൾ രോഹന്‍ 5 ബൗണ്ടറിയും 7 സിക്‌സും അതിർത്തി കടത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റൻ സഞ്ജുവിന് (4) ഇന്ന് തിളങ്ങാനായില്ല. ഷർദൂൽ ഠാക്കൂറിന്റെ പന്തിൽ താരം ബോൾഡായി. എന്നാൽ ഷർദൂൽ നാലോവറിൽ 69 റൺസാണ് വഴങ്ങിയത്. അതേസമയം മുംബൈ നിരയിൽ വെറ്ററൻ താരം അജിൻക്യ രഹാനെ (35 പന്തില്‍ 68) തകർത്തടിച്ച് ഭീഷണിയുയർത്തിയെങ്കിലും വിനോദ് കുമാര്‍ സിവി പിടിച്ചു കെട്ടിയതോടെ മുംബൈയുടെ പോരാട്ടം ഏതാണ്ട് അവസാനിച്ചു.
പൃഥ്വി ഷാ (13 പന്തില്‍ 23) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ശ്രേയസ് അയ്യർ (18 പന്തില്‍ 32), ആംഗ്ക്രിഷ് രഘുവന്‍ഷിയെ (15 പന്തില്‍ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. കേരളത്തിനായി പേസര്‍ നിധിഷ് എം ഡി 30 റണ്‍സിന് 4 വിക്കറ്റ് നേടി.മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (8 പന്തില്‍ 13), സച്ചിന്‍ ബേബി (4 പന്തില്‍ 7- റിട്ടയ്ഡ് ഹര്‍ട്ട്), വിഷ്‌ണു വിനോദ് (2 പന്തില്‍ 6), അബ്ദുള്‍ ബാസിത് പി.എ (1 പന്തില്‍ 0), അജ്നാസ് എം (5 പന്തില്‍ 7) എന്നിവരാണ് പുറത്തായ മറ്റ് കേരള താരങ്ങൾ. പുറത്താവാതെ 99* റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കളിയിലെ താരം.