മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫെയ്സ്ബുക്കിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ജോഡികളായെത്തുന്ന മോഹൻലാലും ശോഭനയുമാണ് പോസ്റ്ററിലുള്ളത്. ചായക്കപ്പുകൾ കയ്യിൽ പിടിച്ച് നിൽക്കുന്ന ശോഭനയും സമീപത്തായി നിൽക്കുന്ന മോഹൻലാലുമാണ് ചിത്രത്തിലുള്ളത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.
മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണ് തുടരും. പത്തനംതിട്ട റാന്നിയിലെ ടാക്സിക്കാരൻ ഷൺമുഖനെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ തരുൺ മൂർത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തി സ്ക്രീനിൽ കസറുന്ന മോഹൻലാലാണ് ആരധകർക്കും എന്നും പ്രിയങ്കരം. സാധാരണക്കാരന്റെ ജീവിതകഥ പറയുന്ന എല്ലാ മോഹൻലാൽ ചിത്രങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയിട്ടുണ്ട്. അത്തരമൊരു ഹൃദയസ്പർശിയായ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും ഒന്നിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായത്. 99 ദിവസമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്താണ് തുടരും നിർമിക്കുന്നത്. മഹേഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന വൻ ബജറ്റ് ചിത്രത്തിനായി മോഹൻലാൽ നിലവിൽ ശ്രീലങ്കയിലാണുള്ളത്.















