തിരുവനന്തപുരം: മീറ്റർ റീഡിംഗിന് ചെയ്യുന്നതിനൊപ്പം സ്പോട്ടിൽ തന്നെ ബില്ലടയ്‌ക്കാനുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി കെഎസ്ഇബി. റീഡിംഗ് എടുത്തതിന് തൊട്ടുപിന്നാലെ ബിൽ തുക ഓൺലൈനായി അടയ്‌ക്കാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത് വൻ വിജയകരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് ബിൽ തുക അടയ്‌ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെയോ ക്യൂആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്‌ക്കാൻ കഴിയും.
കെഎസ്ഇബി ഓഫീസിലെത്തി ക്യൂ നിന്ന് പണമടയ്‌ക്കാൻ കഴിയാത്തവർക്കും ഓൺലൈൻ പണമിടപാട് നടത്താൻ സാങ്കേതിക പ്രയാസങ്ങൾ നേരിടുന്നവർക്കും പുതിയ പദ്ധതി ഗുണകരമാണ്. സ്പോട്ടിൽ ബില്ലടയ്‌ക്കുന്നതിനാൽ പേയ്മെന്റ് നീട്ടിവച്ച് അടയ്‌ക്കാൻ മറന്നുപോകുന്ന സാഹചര്യവും ഒഴിവാക്കാം. കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബിൽ പേയ്‌മെന്റ് സേവനത്തിന് സർവീസ് ചാർജോ, അധിക തുകയോ നൽകേണ്ടതില്ല.
തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ നവംബർ 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് പ്രോത്സാഹനപരമായ സമീപനമാണ് ഉണ്ടായത്. അതിനാൽ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.